ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡിന് രാഷ്ട്രപതിയുടെ അംഗീകാരം; രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനം
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗുജറാത്ത് നിയമസഭ പാസാക്കിയ ഏകീകൃത സിവില്‍ കോഡ് ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഗുജറാത്ത് സർക്കാർ ചട്ടം പുറത്തിറക്കുന്നതോടെ സംസ്ഥാനത്ത് നിയമം നിലവിൽവരും.
കഴിഞ്ഞ മാർച്ചിലാണ് ഗുജറാത്ത് നിയമസഭ ബില്ല് പാസ്സാക്കിയത്. ഇതോടെ ഉത്തരാഖണ്ഡിനു പിന്നാലെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിലവിൽവരുന്ന രണ്ടാമത്തെ സംസ്ഥാനമായി ഗുജറാത്ത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ എന്നിവയില്‍ എല്ലാ മതസ്ഥര്‍ക്കും ഏകീകൃത നിയമം നടപ്പാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. പട്ടിക വര്‍ഗ വിഭാഗത്തെ ബില്ലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡ് എല്ലാവർക്കും തുല്യ അവകാശങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറയുമ്പോൾ, ഈ നിയമനിർമാണം മുസ്ലിം വിരുദ്ധവും തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഗുജറാത്തിലെ സഹോദരിമാർക്കും മക്കൾക്കും വേണ്ടിയാണ് ബില്ല് കൊണ്ടുവന്നത്. യു.സി.സിയിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി അടുത്തിരിക്കുകയാണ് രാജ്യം. ഒരു സമുദായത്തോടും വിവേചനം കാണിക്കില്ല. ഇത് ആരുടെയും അവകാശങ്ങൾ കവർന്നെടുക്കുകയോ സ്വാതന്ത്ര്യത്തെ തടയുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, ബില്ല് ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം മറികടക്കാനാണ് സർക്കാർ നിയമനിർമാണം വേഗത്തിലാക്കിയതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. 2024 ഫെബ്രുവരിയിലാണ് രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. 2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ.
ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ നിര്‍ബന്ധത്തിലൂടെയോ വിവാഹം നടത്തിയാല്‍ ഏഴ് വര്‍ഷം വരെയുള്ള തടവ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിവാഹങ്ങളുടെയും ലിവിങ് ടുഗതര്‍ ബന്ധങ്ങളുടേയും രജിസ്‌ട്രേഷന്‍ ബില്ല് പ്രകാരം നിര്‍ബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.