ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമ്മു സുപ്രീംകോടതിക്ക് അയച്ച കത്തിൽ വിമർശനവുമായി എം.കെ സ്റ്റാലിൻ. ഭരണഘടനയെ അട്ടിമറിക്കാനാണ് നീക്കത്തിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെന്ന് എക്സിലെ കുറിപ്പിൽ എം.കെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
തമിഴ്നാട് നൽകിയ കേസ് സുപ്രീംകോടതി തീർപ്പാക്കിയതാണ്. അതിൽ വീണ്ടും വിശദീകരണം തേടുന്നത് ഭരണഘടനയെ അട്ടിമറിക്കാൻ വേണ്ടിയാണ്. ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിച്ച് ജനഹിതം അട്ടിമറിക്കാനാണ് തമിഴ്നാട് ഗവർണർ ശ്രമിച്ചത്.
ഗവർണർമാരെ ഉപയോഗിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ ഭാഗമാണിത്. ഗവർണർമാർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കുന്നതിനെ നിങ്ങൾ എന്തിനാണ് എതിർക്കുന്നത്. ബില്ലുകൾ അംഗീകാരം നൽകുന്നത് വൈകിപ്പിച്ച് ഈയൊരു പ്രവണതക്ക് നിയമസാധുത നൽകാനാണോ ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയിതര സർക്കാറുകളെ തളർത്താനാണോ ശ്രമമെന്നും സ്റ്റാലിൻ ചോദിച്ചു.
നമ്മുടെ രാജ്യം ഒരു നിർണായക ഘട്ടത്തിലാണ്. പ്രതിപക്ഷം ആധിപത്യം പുലർത്തുന്ന സംസ്ഥാന നിയമസഭകളെ നിർവീര്യമാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ബി.ജെ.പിയിതര സർക്കാറുകൾ ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടണം. ഈ പോരാട്ടത്തിൽ വിജയിക്കാൻ സാധിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പരമോന്നത നീതിപീഠത്തിന് രാഷ്ട്രപതി ദ്രൗപതി മുർമ്മു കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരം നിബന്ധനകൾ ഭരണഘടന മുന്നോട്ടുവെക്കാത്ത സാഹചര്യത്തിൽ ഇങ്ങനെയൊരു വിധി സുപ്രീംകോടതി എങ്ങനെ പുറപ്പെടുവിക്കുമെന്നാണ് രാഷ്ട്രപതിയുടെ പ്രധാന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.