വാഷിങ്ടൺ: ഫലസ്തീന് പിന്തുണയറിയിച്ച് ബിരുദദാന ചടങ്ങിൽ നിന്നും ഇറങ്ങി വന്ന് യു.എസ് വിദ്യാർഥികൾ. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളാണ് പ്രതിഷേധം രേഖപ്പെടുത്തി ബിരുദദാന ചടങ്ങിൽ നിന്നും ഇറങ്ങി വന്നത്.
ഫലസ്തീൻ അനുകൂല മുദ്രവാക്യം വിളിച്ച് ഇറങ്ങിവന്ന വിദ്യാർഥികൾ മസാച്ചുസെറ്റ്സ് അവന്യുവിൽ ട്രാഫിക് ബ്ലോക്ക് ചെയ്ത് ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തി. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് 15 മിനിറ്റോളം ബിരുദദാന ചടങ്ങ് തടസപ്പെട്ടു. കഫീയ്യ ധരിച്ചാണ് പല വിദ്യാർഥികളും ചടങ്ങിന് വേണ്ടി എത്തിയത്.
ഇസ്രായേൽ പ്രതിരോധമന്ത്രാലയവുമായി ചേർന്ന് വിദ്യാഭ്യാസസ്ഥാപനം ഗവേഷണം നടത്തുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാരിലൊരാളായ ഡേവിങ് ബെർകിൻസ്കി പറഞ്ഞു. ഗസ്സയിൽ ബിരുദദാരികളില്ല. ഒരു യൂനിവേഴ്സിറ്റി പോലും ഗസ്സയിൽ അവശേഷിക്കുന്നില്ല. എല്ലാം ഇസ്രായേൽ ബോംബിട്ട് തകർത്തുവെന്ന് കെമിസ്ട്രിയിൽ ഗവേഷണ ബിരുദം നേടിയ ഡേവിങ് ബെർകിൻസ്കി കൂട്ടിച്ചേർത്തു. നേരത്തെയും യുനിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടന്നിരുന്നു.
അതേസമയം, റഫയിലെ തമ്പുകളിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. സൈനിക ടാങ്കുകൾ നടത്തിയ ആക്രമണത്തിൽ വ്യാഴാഴ്ച 37 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ ഗസ്സയിലാകെ 53 പേർകൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 36,224 ആയി. 81,777 പേർക്ക് പരിക്കുണ്ട്.
ലക്ഷക്കണക്കിന് അഭയാർഥികൾ താമസിക്കുന്ന റഫയുടെ പടിഞ്ഞാറൻ ഭാഗമായ തൽ അസ്സുൽതാനിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയിലെ രണ്ട് അംഗങ്ങളെ ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞ് കൊലപ്പെടുത്തി. അതിനിടെ, ഫിലാഡൽഫി ഇടനാഴി എന്നറിയപ്പെടുന്ന ഈജിപ്തുമായുള്ള ഗസ്സ അതിർത്തിയുടെ മുഴുവൻ നിയന്ത്രണവും പിടിച്ചെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.