ടാറ്റക്കെതിരെ ആഞ്ഞടിച്ച് സൈറസ് മിസ്ട്രി

മുംബൈ: ടാറ്റ വ്യവസായ സാമ്രാജ്യത്തില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ കൂടുതല്‍ മോശമായ സ്ഥിതിയിലേക്ക്. കഴിഞ്ഞ തിങ്കളാഴ്ച പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രി  ടാറ്റ ട്രസ്റ്റിമാര്‍ക്കും ഡയറക്ടര്‍ ബോര്‍ഡിനും അയച്ച വൈകാരികമായ കത്തില്‍ നാനോ കമ്പനി നേരിടുന്ന നഷ്ടവും മറ്റു ടാറ്റ കമ്പനികളുടെ കോടികളുടെ ബാധ്യതയും അക്കമിട്ടു പറയുന്നുണ്ട്. നാനോ  അടച്ചുപൂട്ടണമെന്നും ഇപ്പോള്‍തന്നെ 1000 കോടി രൂപയുടെ നഷ്ടമുണ്ടെന്നും മിസ്ട്രി ചൂണ്ടികാട്ടി.  തല്‍കാലം ചെയര്‍മാനായി ചുമതലയേറ്റ രത്തന്‍ ടാറ്റക്കെതിരെ മൂര്‍ച്ചയേറിയ ഒളിയമ്പുകള്‍  കത്തിലുണ്ട്.  പാളിപ്പോയ ബിസിനസ് തന്ത്രങ്ങളും സംശയാസ്പദമായ ഇടപാടുകളും മിസ്ട്രി വിശദീകരിച്ചതോടെ  ടാറ്റലോകം വിവാദകൊടുങ്കാറ്റിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകളും ലഭിച്ചു. ഇന്ത്യന്‍ ഹോട്ടലുകള്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ യൂറോപ്പ്, ടാറ്റ പവര്‍ മുണ്ട്്റ, ടെലി സര്‍വിസ് എന്നിവക്ക് 1,18,000 കോടി രൂപയുടെ ബാധ്യതയുണ്ട്. 2011-2015 കാലയളവില്‍ ഈ കമ്പനികളുടെ മൂലധനച്ചെലവ് 1,32,000 കോടിയില്‍ നിന്ന് 1,96.000 കോടിയായി കുതിച്ചു.

പ്രവര്‍ത്തന നഷ്ടവും പലിശയും മറ്റുമാണ് ബാധ്യത ഉയര്‍ത്തിയത്. ടാറ്റ ഗ്രൂപ്പിന്‍െറ മൊത്തം ആസ്തി 1,74, 000 കോടിയാണ്. ഈ സാഹചര്യത്തിലാണ് വന്‍ ബാധ്യത പേറുന്നത്. രത്തന്‍ ടാറ്റയുടെ  മനോഹര സ്വപ്നസാക്ഷാത്കാരമായി വിശേഷിപ്പിക്കപ്പെട്ട നാനോ  നഷ്ടത്തിന്‍െറ പാതയിലൂടെ ഓടുമ്പോള്‍ അതിനെ ലാഭകരമാക്കാനുള്ള മാര്‍ഗങ്ങളൊന്നും കണ്ടത്തെിയിട്ടില്ല. നാനോ നിര്‍മാണം നിര്‍ത്തുന്നതാണ് ഉചിതം. രത്തന്‍ ടാറ്റയുടെ താല്‍പര്യം മുന്‍നിര്‍ത്തി വ്യോമയാന രംഗത്തു നടത്തിയ നിക്ഷേപങ്ങളും ഫലം ചെയ്തില്ല. മുന്‍കൂട്ടി  അനുമതികളില്ലാതെ എയര്‍ ഏഷ്യയിലും സിംഗപ്പുര്‍ എയര്‍ലൈന്‍സിലും നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും കത്തില്‍ വിമര്‍ശമുണ്ട്.  സിംഗപ്പുരിലും ഇന്ത്യയിലും നിലവിലില്ലാത്ത കമ്പനികളുടെ പേരില്‍ 22 കോടി രൂപയുടെ അനധികൃത ഇടപാട്  നടത്തിയിട്ടുണ്ടെന്നും  ഇത് ശാസ്ത്രീയ അന്വേഷണത്തിലൂടെ വെളിപ്പെട്ടതാണെന്നും മിസ്ട്രി പറഞ്ഞു.

ഈ  വെളിപ്പെടുത്തലുകള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം  ഗൗരവമായി നിരീക്ഷിച്ചു വരികയാണെന്ന് വകുപ്പ് സെക്രട്ടറി ആര്‍.എന്‍. ചൗധരി  അറിയിച്ചു. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഏതുകോണില്‍നിന്ന് ലഭിച്ചാലും നടപടിയെടുക്കും. എന്നാല്‍, ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ആരോപണത്തെ കുറിച്ച് പുതിയ വിവരങ്ങള്‍ മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെട്ടാലുടന്‍ ബന്ധപ്പെട്ട അധികൃതര്‍ അത് പരിശോധിക്കും. 

Tags:    
News Summary - mistry against tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.