ന്യൂഡൽഹി: ത്രിപുരയിൽ നിന്ന് ഡൽഹിയിൽ ഉന്നത പഠനത്തിനെത്തി കാണാതായ പെൺകുട്ടി ജീവനൊടുക്കിയതാണെന്ന സംശയത്തിൽ പൊലീസ്. താമസിച്ചിരുന്ന ഡൽഹിയിലെ വീട്ടിൽ നിന്ന് പെൺകുട്ടി എഴുതിയ കുറിപ്പ് കണ്ടെത്തിയതായി കുടുംബം അറിയിച്ചിരുന്നു. ഡൽഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിൽ നിന്ന് ചാടി പെൺകുട്ടി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.
''ഞാനൊരു വലിയ പരാജയവും ബാധ്യതയുമായി തോന്നുന്നു. ഈ രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത് വളരെ കഠിനമാണ്''-എന്നാണ് കുറിപ്പിലുള്ളത്.
''അതിനാൽ സിഗ്നേച്ചർ ബ്രിഡ്ജിൽ നിന്ന് ചാടി ജീവനൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്''എന്നും കുറിപ്പിലുണ്ട്. ഇത് തന്റെ ഉറച്ച തീരുമാനമാണെന്നും മറ്റാരും ഇതിനു പിന്നിലെന്നും കുറിപ്പിൽ പെൺകുട്ടി വ്യക്തമാക്കുന്നുമുണ്ട്.
ത്രിപുരയിലെ സബ്രൂം സ്വദേശിയായ സ്നേഹയെ ആണ് ഇക്കഴിഞ്ഞ ജൂലൈ ഏഴു മുതൽ കാണാതായത്. പെൺകുട്ടിയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതായതിനെ തുടർന്നാണ് കുടുംബം അന്വേഷണം തുടങ്ങിയത്. കാണാതാകുന്ന ദിവസം രാവിലെ സ്നേഹ അമ്മയെ വിളിച്ചു സംസാരിച്ചിരുന്നു. സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിലാക്കാൻ പോവുകയാണെന്നാണ് പറഞ്ഞിരുന്നത്. അൽപ സമയം കഴിഞ്ഞ് അമ്മ വീണ്ടും വിളിച്ചുനോക്കിയപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയ നിലയിലായിരുന്നു. പിന്നീട് സ്നേഹയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. സുഹൃത്തുമായി ബന്ധപ്പെട്ടപ്പോൾ കാണാതായ ദിവസം സ്നേഹയെ കണ്ടിട്ടേയില്ലെന്ന മറുപടിയാണ് ലഭിച്ചത്.
സ്നേഹ യാത്ര ചെയ്ത ടാക്സി ഡ്രൈവറാണ് റെയിൽവേ സ്റ്റേഷനിലല്ല, സിഗ്നേച്ചർ ബ്രിഡ്ജിനടുത്താണ് ഇറക്കിയതെന്ന് പറഞ്ഞത്. ഇതോടെ കുടുംബം കൂടുതൽ ആശങ്കയിലായി. പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്ന് ഭീതി പരന്നു. പൊലീസിൽ പരാതി നൽകിയിട്ടും സ്നേഹയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പെൺകുട്ടിയുടെ ചിത്ര സഹിതം സമൂഹ മാധ്യമങ്ങളിൽ കണ്ടെത്താൻ സഹായിക്കണമെന്നഭ്യർഥിച്ച് കുടുംബം മുന്നോട്ടു വന്നിരുന്നു.
സംഭവം ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ ഓഫിസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പെൺകുട്ടിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകുകയും ചെയ്തു. ആത്മ റാം സനാതന ധർമ കോളജിലാണ് പെൺകുട്ടി പഠിച്ചിരുന്നത്.
സുബേദാർ മേജറായി സൈന്യത്തിൽ നിന്ന് വിരമിച്ച പ്രതീഷ് ദേബാനന്ദിന്റെ മകളാണ് കാണാതായ സ്നേഹ. വൃക്കകൾക്ക് രോഗം ബാധിച്ച പ്രതീഷ് ദേബാനന്ദ് ഇപ്പോൾ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ യമുന നദിക്ക് കുറുകെയുള്ള പാലമാണ് സിഗ്നേച്ചർ ബ്രിഡ്ജി. ഈ പാലമാണ് വസീറാബാദിനെ കിഴക്കൻ ഡൽഹിയുമായി ബന്ധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.