ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പേട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് കാണാതായ സിംഹം തിരിച്ചെത്തി. തനിയെ തിരിച്ചെത്തി കൂട്ടിൽ കയറുകയായിരുന്നു. രണ്ട് ദിവസമായി സിംഹത്തിനായുള്ള തെരച്ചിൽ നടക്കുകയായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് സിംഹം തിരിച്ചെത്തിയത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഷേർയാർ എന്ന് പേരുള്ള അഞ്ച് വയസ്സുള്ള ആൺ സിംഹത്തെ കാണാതായത്. വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം അന്ന് എത്തിയില്ല. ഇതോടെ മൃഗശാലയിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞു. തുടർന്ന് സിംഹത്തെ പാർപ്പിച്ചിരുന്ന 50 ഏക്കറിൽ തെർമൽ ഇമേജിങ് ഡ്രോണും ക്യാമറകളുമടക്കം സ്ഥാപിച്ച് പരിശോധന നടക്കുകയായിരുന്നു.
ഇതിനിടെയാണ് ഇന്ന് വൈകീട്ട് സിംഹം കൂട്ടിലേക്ക് തിരിച്ചെത്തിയത്. സിംഹം തിരികെ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
1490 ഏക്കറിലായാണ് വണ്ടലൂർ മൃഗശാല സ്ഥിതിചെയ്യുന്നത്. മൃഗശാലയിലേക്ക് കഴിഞ്ഞ വർഷം ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന സിംഹമാണിത്. നടൻ ശിവകാർത്തികേയൻ ഈ സിംഹത്തെ ദത്തെടുത്തിരുന്നു. സിംഹം തനിയെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.