ശനിയാഴ്ച ശ്രീനഗറിൽ മദ്യനിരോധനം ആവശ്യപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം 

ശ്രീനഗർ നഗരമധ്യത്തിലെ മദ്യ വിരുദ്ധ സൈൻബോർഡ് നീക്കം ചെയ്തതിനെ തുടർന്ന് രാഷ്ട്രീയക്കാർക്കിടയിൽ രോഷം കനക്കുന്നു

കശ്മീരിലെ പ്രാദേശിക സംസ്കാരത്തെ ബഹുമാനിക്കണമെന്നും മദ്യപാനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു സൈൻബോർഡ് ശ്രീനഗർ നഗരമധ്യത്തിൽ നിന്നും അപ്രത്യക്ഷമായതിനെ തുടർന്നുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധം കനക്കുന്നു.

പ്രദേശത്തെ വ്യാപാരി സംഘടനയുടെ നേതൃത്വത്തിലാണ് റോഡരികിൽ സൈൻ ബോർഡ് സ്ഥാപിച്ചത്. ജമ്മു കശ്മീരിൽ മദ്യം നിരോധിക്കണമെന്ന മുറവിളി സർക്കാർ നേരിടുന്ന സമയത്താണ് ഇത്തരത്തിലൊരു സംഭവം നടന്നത്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവ് ഇൽതിജ മുഫ്തി ശനിയാഴ്ച മദ്യവിൽപ്പനയും ഉപഭോഗവും നിരോധിക്കാനുള്ള നിയമത്തിന് ജനങ്ങളുടെ പിന്തുണ നേടുന്നതിനായി ഒപ്പ് ശേഖരണ കാമ്പയിൻ ആരംഭിച്ചു.

കാണാതായ സൈൻ ബോർഡിൻ്റെ പ്രശ്‌നം ഉയർത്തിക്കാട്ടി ഹുറിയത്ത് നേതാവ് മിർവൈസ് ഉമർ ഫാറൂഖും ശ്രീനഗർ എം.പി അഗ സയ്യിദ് റുഹുള്ള മെഹ്ദിയും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രതിഷേധിച്ചിരുന്നു. പോലീസിനെതിരെ രൂക്ഷമായി വിമർശനം ഉന്നയിച്ച മിർവൈസ്, എന്തുകൊണ്ടാണ് പൊലീസ് ഈ സൈൻബോർഡ് പിടിച്ചെടുത്തതെന്നും പ്രാദേശിക സംസ്‌കാരത്തെ ബഹുമാനിക്കാനും മദ്യവും മയക്കുമരുന്ന് ഉപയോഗവും ഒഴിവാക്കാനും നഗരം വൃത്തിയായി സൂക്ഷിക്കാനും വിനോദസഞ്ചാരികളെ പ്രേരിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്നും ധാർമിക മൂല്യങ്ങളും മര്യാദയും പ്രോത്സാഹിപ്പിക്കുന്നത് കശ്മീരിൽ കുറ്റമാണോ എന്നും മിർവൈസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

സൈൻബോർഡ് ഏത് തരത്തിലുള്ള നിയമലംഘനമാണ് നടത്തിയതെന്ന് ജമ്മു കാശ്മീർ പൊലീസ് വ്യക്തമാക്കണമെന്നും മറ്റേതൊരു സമൂഹത്തെയും പോലെ കശ്മീരികൾക്കും അവരുടെ സംസ്കാരവും വിശ്വാസവും സംരക്ഷിക്കാനും അവകാശമുണ്ടെന്ന് അഗ റുഹുള്ള കൂട്ടിച്ചേർത്തു.

ആരോപണവിധേയമായ പോലീസ് നടപടിയെ ഇൽതിജ അപലപിക്കുകയും തൻ്റെ കാമ്പയിനിൽ പങ്കെടുക്കാൻ ആളുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു. മദ്യനിരോധനം ടൂറിസത്തെ ബാധിക്കുമെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും തൻ്റെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും അവർ ആവശ്യപ്പെട്ടു. മദ്യം ഒരു സാമൂഹിക തിന്മയാണ്, രാഷ്ട്രീയ പ്രശ്നമല്ല. ഇത് പി.ഡി.പി വിഭാഗക്കാരെ മാത്രമല്ല ബാധിക്കുന്നതെന്നും സമൂഹത്തിന്റെ ധാർമ്മിക ഘടനയെ തകർക്കുന്നെന്നും ഇൽതിജ മുഫ്തി അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Anger among politicians after removal of anti-liquor signboard in downtown Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.