മിർസപുർ (യു.പി): ഉത്തർപ്രദേശിലെ മിർസപുർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ ചപ്പാത്തി ഉപ്പുകൂട്ടി കഴിക്കുന്ന സംഭവം പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകൻ പവൻ ജൈസ്വാളിെൻറ അറസ്റ്റിനെ ന്യായീകരിച്ച് മിർസപുർ ജില്ല മജിസ്ട്രേറ്റ്. അച്ചടി മാധ്യമ പ്രവർത്തകന് തെറ്റ് കണ്ടാൽ എഴുതാം, ഫോട്ടോ എടുക്കുകയുമാകാം. എന്നാൽ, കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നത് വിഡിയോയിൽ പകർത്തുകയും അതു പ്രചരിപ്പിക്കുകയും ചെയ്തതെന്തിനാണെന്നായിരുന്നു മജിസ്ട്രേറ്റ് അനുരാഗ് പട്ടേലിെൻറ ചോദ്യം. ഇത് ഗൂഢാലോചനയാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു.
ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറുടെ പരാതിയിൽ പവൻ ജൈസ്വാളിന് പുറമെ, കുട്ടികൾക്ക് മോശം ഭക്ഷണം നൽകുന്നതായി അദ്ദേഹത്തിനു വിവരം കൊടുത്ത ഗ്രാമമുഖ്യെൻറ പ്രതിനിധി രാജ്കുമാർ പാലിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി സതീഷ് ദ്വിവേദി അവ്യക്തമായാണ് പ്രതികരിച്ചത്.
അഴിമതി പുറത്തുകൊണ്ടുവന്നതിന് ആർക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് അവരുടെ ജോലി നിർവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 22ന് സ്കൂളിൽ ചപ്പാത്തിയും ഉപ്പുമാണ് നൽകിയതെന്ന് അധികൃതർ സമ്മിതിക്കുന്നുണ്ടെങ്കിലും ജൈസ്വാളും രാജ്കുമാർപാലും സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞാണ് കേസെടുത്തത്.
ജൈസ്വാളിനെതിരായ കേസ് പിൻവലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും ഉത്തർപ്രദേശ് അക്രഡിറ്റഡ് ജേണലിസ്റ്റ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.