മീരാ റോഡ്, നയനഗർ സംഘർഷം; ആശങ്ക വിട്ടൊഴിയാതെ മുംബൈ

മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി നടന്ന വാഹന റാലിക്കിടെ ഞായറാഴ്ച രാത്രി സംഘർഷമുണ്ടായ മീരാ റോഡ്, നയനഗറിൽ ആശങ്ക തുടരുന്നു. പ്രകോപനപരമായ പ്രസ്താവനകളുമായി ഷിൻഡെ പക്ഷ ശിവസേന, ബി.ജെ.പി എം.എൽ.എമാർ രംഗത്തുവന്നു.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നയനഗറിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങൾ ബാരിക്കേഡ് തീർത്ത് പൊലീസ് സംരക്ഷണത്തിലാണ്. 400 ഓളം പൊലീസ്, ദ്രുതകർമ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണം നടത്തിയവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുന്നു. ഇതുവരെ 13 പേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് പൊലീസ് വിലക്കി.

ഞായറാഴ്ച രാത്രി പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് നടന്ന വാഹന റാലി നയനഗറിൽ പ്രവേശിച്ചപ്പോൾ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയും ജനംകൂടിയതോടെ സംഘർഷമായി മാറുകയുമായിരുന്നു. ചൊവ്വാഴ്ച മുസ്ലിം പ്രദേശത്തെ ലോധ റോഡിൽ കടകളോട് ചേർത്തുകെട്ടിയ ‘അനധികൃത’ ഷെഡുകൾ മീര ഭയന്തർ നഗരസഭ പൊളിച്ചുമാറ്റിയതും ആശങ്കയേറ്റി. ചൊവ്വാഴ്ച രാത്രിയും പ്രദേശത്ത് കല്ലേറുണ്ടായി.

നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ജയ് ശ്രീരാം വിളികളുമായി രാത്രി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് റാലി നടത്തിയത് ബോധപൂർവമാണെന്നാണ് ആരോപണം. രാമപ്രതിഷ്ഠക്ക് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ‘രാം രാജ്യ രഥയാത്ര’ എന്ന പേരിൽ ഷിൻഡെ പക്ഷ ശിവസേയും ‘രാം രഥയാത്ര’ എന്ന പേരിൽ ബി.ജെ.പിയും 17 ഓളം റാലികൾ നടത്തിയതായി സി.പി.എം മീരഭയന്തർ കമ്മിറ്റി സെക്രട്ടറി സി. കിഷോർ സാമന്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ഒത്താശയിലാണ് സംഭവങ്ങൾ അരങ്ങേറുന്നതെന്നും പൊലീസ് നടപടി ഏകപക്ഷീയമാണെന്നും ആരോപിക്കപ്പെടുന്നു.

ആക്രമണം നടത്തിയവരെ മുഴുവനും പിടികൂടിയില്ലെങ്കിൽ വ്യാഴാഴ്ച ബന്ദ് നടത്തുമെന്ന് ഷിൻഡെ പക്ഷ എം.എൽ.എ പ്രതാപ് സർനായിക് പറഞ്ഞു. പ്രദേശത്ത് മുസ്ലിംകൾ വെച്ച ബാരിക്കേഡ് എടുത്തുമാറ്റണമെന്ന് ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര എം.എൽ.എ ഗീത ജെയിൻ ആവശ്യപ്പെട്ടു. എന്നാൽ, പൊലീസാണ് ബാരിക്കേഡ് സ്ഥാപിച്ചത്. കടുത്ത നടപടിയെടുത്തില്ലെങ്കിൽ ബുൾഡോസറുകൊണ്ട് പ്രദേശം തുടച്ചുനീക്കുമെന്ന് ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ ഭീഷണിപ്പെടുത്തി.

Tags:    
News Summary - Mira Road Communal Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.