വിമാനവാഹിനി യുദ്ധകപ്പൽ ഐ.എൻ.എസ് വിക്രമാദിത്യയിൽ തീപിടിത്തം

കാർവാർ: ഇന്ത്യയുടെ വിമാനവാഹിനി യുദ്ധകപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ തീപിടിത്തം. ശനിയാഴ്ച രാവിലെ കർണാടകയിലെ കാർവാർ തുറമുഖത്ത് വെച്ചാണ് കപ്പലിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായത്. നാവികരടക്കം എല്ലാവരും സുരക്ഷിതരെന്ന് നാവികസേന അറിയിച്ചു.

കപ്പലിൽ നാവികർ താമസിക്കുന്ന ഭാഗത്ത് നിന്നും പുക ഉയരുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും നാവികസേന വക്താവ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള ഐ.എൻ.എസ് വിക്രമാദിത്യക്ക് 284 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ട്. 20 നിലകളുടെ ഉയരമുള്ള കപ്പലിന് 22 ഡെക്കുകളുണ്ട്. നാവികരടക്കം 1600 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. 2013ൽ റഷ്യയിൽ നിന്നാണ് കീവ് ക്ലാസ് വിമാനവാഹിനി കപ്പൽ ഇന്ത്യ വാങ്ങുന്നത്. തുടർന്ന് 'ഐ.എൻ.എസ് വിക്രമാദിത്യ' എന്ന് പുനർനാമകരണം ചെയ്തു.

1987ൽ കമീഷൻ ചെയ്ത വിമാനവാഹിനി കപ്പൽ സോവിയറ്റ് യൂണിയന്‍റെ കാലത്ത് മികച്ച സേവനമാണ് കാഴ്ചവെച്ചത്. സോവിയറ്റ് യൂണിയന്‍റെ പതനത്തിന് ശേഷം റഷ്യൻ നാവികസേന, പ്രവർത്തന ചെലവ് കൂടിയതിനെ തുടർന്ന് 1996ൽ കപ്പൽ ഡീകമീഷൻ ചെയ്തു. തുടർന്നാണ് ഇന്ത്യ വാങ്ങിയത്.

Tags:    
News Summary - Minor fire on board INS Vikramaditya, all personnel safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.