ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ മോദി സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ക്കെതിരെ വിമർശനവുമായി ബി.ജെ.പി. കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ ഐക്യത്തെ വിമർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബി.ജെ.പിയിലും ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. കഴിഞ്ഞ തവണയും പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നുവെന്നും രാജ്യത്തെ ജനങ്ങൾ അവരെ പാഠം പഠിപ്പിച്ചെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
മണിപ്പൂർ വിഷയത്തിൽ മോദി സർക്കാറിനെതിരെ പ്രതിപക്ഷ മുന്നണിയായ ‘ഇൻഡ്യ’ക്ക് വേണ്ടി അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് ആണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്. ഗൗരവ് ഗൊഗോയ് കൂടാതെ ബി.ആർ.എസ് എം.പി നാമ നാഗേശ്വര റാവുവും നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതിപക്ഷ പാർട്ടികൾ നടത്തിയ കൂടിയാലോചനയിലാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
ലോക്സഭയിൽ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ല. എന്നാൽ, പ്രമേയ ചർച്ചയിൽ സർക്കാറിനെ തുറന്നാക്രമിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസരം ലഭിക്കും. മണിപ്പൂർ വിഷയത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷത്തിന്‍റെ ശക്തമായ നിലപാട് പൊതുശ്രദ്ധയിൽ കൊണ്ടുവരാനാകും.
ഒന്നാം മോദി സർക്കാറിനെതിരെ 2018 ജൂലൈ 20ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാൽ, 325-126 എന്ന വോട്ടുനിലയിൽ പ്രമേയം പരാജയപ്പെട്ടു. ലോക്സഭയിൽ അവിശ്വാസപ്രമേയ നോട്ടീസ് നൽകാൻ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.