ഗുവാഹത്തി: മുഖ്യമന്ത്രി രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ ശക്തമായി എതിർത്ത് മെയ്ത്തേയികൾ. എന്നാൽ കുകികൾക്ക് പ്രതീക്ഷയുടെ കിരണമാണ് രാഷ്ട്രപതി ഭരണത്തിലൂടെ ലഭിക്കുകയെന്ന് ഗോത്രവർഗവിഭാഗങ്ങൾ പ്രതികരിച്ചു.
മുഖ്യമന്ത്രിയെ മാറ്റുന്നതിനേക്കാൾ രാഷ്ട്രപതി ഭരണത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്ന് തദ്ദേശീയ ഗോത്രവർഗ ലീഡേഴ്സ് ഫോറത്തിലെ(ഐ.ടി.എൽ.എഫ്) ഗിൻസ വുവാൽസോങ് പ്രതികരിച്ചു.
ബിരേൻ സിങ്ങിന്റെ പിൻഗാമിയെ കണ്ടെത്താൻ ബി.ജെ.പിക്ക് ഇതുവരെ സമവായത്തിലെത്താൻ സാധിച്ചിട്ടില്ല. മെയ്ത്തേയികളിൽ നിന്ന് ഇനിയൊരു മുഖ്യമന്ത്രിയെ കുക്കികൾക്ക് വിശ്വാസവുമില്ല.-അദ്ദേഹം പറഞ്ഞു.
2023 മേയ് മൂന്നിന് തുടങ്ങിയ വംശീയ കലാപം കൈകാര്യം ചെയ്യുന്നതിൽ പക്ഷപാത നിലപാടാണ് ബിരേൻ സിങ് സ്വീകരിച്ചത്. രാഷ്ട്രപതി ഭരണം വന്നാൽ കലാപം വീണ്ടും ഉണ്ടാകാനുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്നും വുവാൽസോങ് പറഞ്ഞു.
അതേസമയം, തങ്ങളുടെ പ്രതിനിധിയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് മെയ്ത്തേയികളുടെ വാദം. അതിനുള്ള നടപടികളാണ് വേണ്ടതെന്നും എം.എൽ.എമാർ ഉടൻ യോഗം ചേർന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണമെന്ന് മെയ്ത്തേയികളുടെ നേതാവ് സൊമോരേന്ദ്ര തൊക്ചോം ആവശ്യപ്പെട്ടു.
അങ്ങനെ സംഭവിച്ചില്ലെങ്കിൽഎം.എൽ.എമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കേന്ദ്രത്തിന്റെ സഹായം തേടണമെന്നും അദ്ദേഹം പറഞ്ഞു. അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതാണ് പ്രശ്നം. നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ് മണിപ്പൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിന്റെ അഖണ്ഡത കണക്കിലെടുത്താണ് ബിരേൻ സിങ് രാജിവെച്ചതെന്ന് ബി.ജെ.പി സംസ്ഥാന നേതാവ് എ ശാരദ ദേവി ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ എന്താണ് വേണ്ടതെന്ന് 20 മാസമായി കോൺഗ്രസ് ആവശ്യപ്പെട്ടു കൊണ്ടിരുന്നത് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. 300 പേരുടെ ജീവൻ നഷ്ടപ്പെടുകയും 60,000 ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് അത് സംഭവിച്ചത്.-മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു.
വ്യാഴാഴ്ചയാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. കലാപകലുഷിതമായ സംസ്ഥാനത്ത് കോൺഗ്രസ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ് രാജിവെച്ചത്. ബിരേൻ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപെടുത്താൻ ആലോചനയുണ്ടായിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് സംബിത് പത്രയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയുള്ള വിജ്ഞാപനമെത്തിയത്.
ആറുമാസത്തിലൊരിക്കൽ സഭാസമ്മേളനം ചേരണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റാനാകില്ലെന്ന ഘട്ടത്തിലാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 12നാണ് ഒടുവിൽ നിയമസഭ സമ്മേളിച്ചത്. നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരി 10 മുതൽ സഭ സമ്മേളിക്കാനിരുന്നത് ഗവർണർ അസാധുവായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.