മണിപ്പൂരിൽ മെയ്തെയ് വിഭാഗം പ്രഖ്യാപിച്ച 10 ദിന ബന്ദ് മൂന്ന് ദിവസമായി ചുരുക്കി; പ്രതിഷേധക്കാർ സേനക്കു നേരെ ഏഴുതവണ വെടിയുതിർത്തു

ഇംഫാൽ: മണിപ്പൂരിൽ മെയ്തെയ് വംശജരുടെ സംഘടനയായ ആരംഭായ് തെങ്കോലിന്റെ മുതിർന്ന നേതാവ് കനാൻ സിങ്ങിന്റെ അറസ്റ്റിനെതിരെ വിവിധ ജില്ലകളിൽ പ്രതിഷേധിച്ചവർ സുരക്ഷ സേനയുമായി ഏറ്റുമുട്ടി. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുരായ് ലാംലോങ് മേഖലയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സേന നിരവധി തവണ കണ്ണീർ വാതകവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. കാർ യാത്രക്കാരനെ പ്രതിഷേധക്കാർ മർദിച്ചതായി പൊലീസ് പറഞ്ഞു. തൗബൽ, കാക്ചിങ് തുടങ്ങിയ ജില്ലകളിൽ പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് റോഡ് തടഞ്ഞു.

അജ്ഞാതർ സുരക്ഷ സേനക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് ഇംഫാൽ വെസ്റ്റിലെ തെര മേഖലയിലും സംഘർഷാവസ്ഥ നിലനിന്നു. ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ഏഴുതവണ സേനക്കു നേരെ വെടിയുതിർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമികൾക്കു വേണ്ടി അർധസൈനിക വിഭാഗവും പൊലീസും സംയുക്ത തിരച്ചിൽ തുടങ്ങിയെങ്കിലും പ്രതിഷേധക്കാർ തടഞ്ഞതായും അദ്ദേഹം അറിയിച്ചു. ബിഷ്ണുപുർ ജില്ലയിലെ നംബോളിലാണ് പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ, മണിപ്പൂർ ബന്ദിൽ ആരംഭായ് തെങ്കോൽ ഇളവ് പ്രഖ്യാപിച്ചു. 10 ദിവസത്തിൽനിന്ന് മൂന്ന് ദിവസമായാണ് ബന്ദ് ചുരുക്കിയത്. ആരംഭായ് തെംഗോലിന്റെ പേരുപയോഗിച്ച് നിരവധി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ബന്ദ് ഇളവ് ചെയ്തതെന്ന് സംഘടനയുടെ പി.ആർ.ഒ റോബിൻ മാങ്കാങ് ഖ്വൈരക്പം പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച രാവിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ ഇംഫാൽ നഗരം സാധാരണ നിലയിലെത്തിയെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Meitei group Arambai Tenggol bandh in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.