ശ്രീനഗറിലെ ജാമിഅ മസ്ജിദ് അടച്ചിട്ടതിനെതിരെ രൂക്ഷ വിമർശനവുമായി മെഹ്ബൂബ മുഫ്തി

ശ്രീനഗർ: റമദാനിലെ ഏറ്റവും പുണ്യദിനമായ ശബ്-ഇ ഖദ്റിൽ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിഅ മസ്ജിദ് അടച്ചുപൂട്ടിയ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. ശബ്-ഇ ഖദ്റിനോടനുബന്ധിച്ച് പ്രദേശവാസികൾ നമസ്‌കരിക്കുന്നത് തടയാനാണ് ഭരണകൂടം ജുമാ മസ്ജിദ് അടച്ചതെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു. ഹുറിയത്ത് നേതാവ് മിർവായിസ് ഉമർ ഫാറൂഖിനെ മോസ്‌ക് മാനേജ്‌മെൻ്റ് വീണ്ടും വീട്ടുതടങ്കലിലാക്കിയെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. ശബ്-ഇ ഖദ്റിനോടനുബന്ധിച്ച് നൂറുകണക്കിന് വിശ്വാസികളാണ് ഹസ്രത്ബാൽ ദർഗയിൽ ഒത്തുകൂടിയത്.

"ശബ്-ഇ ഖദ്ർ ജുമാ മസ്ജിദിന്‍റെ ശുഭകരമായ മുഹൂർത്തത്തിൽ ആളുകളെ പ്രാർഥനയിൽ നിന്ന് തടയാൻ വേണ്ടി ജാമിഅ മസ്ജിദ് പൂട്ടിയിടുകയും മിർവായിസിനെ വീണ്ടും വീട്ടുതടങ്കലിലാക്കുകയും ചെയ്തത് എത്ര നിർഭാഗ്യകരമാണ്. ഭൂമി, വിഭവങ്ങൾ, മതം -എന്തെല്ലാമാണ് കശ്‌മീരികള്‍ക്ക് നഷ്‌ടമാകുന്നത്?"- മെഹബൂബ മുഫ്തി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

അതേസമയം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കശ്‌മീരില്‍ തങ്ങളുടെ പ്രതിനിധികളെ മത്സരിപ്പിക്കുമെന്ന് പി.ഡി.പി മാര്‍ച്ച് മൂന്നിന് പ്രഖ്യാപിച്ചിരുന്നു. കശ്‌മീരിലെ മൂന്ന് ലോക്‌സഭ സീറ്റുകളിലേക്കും പാര്‍ട്ടി പ്രതിനിധികള്‍ മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്‌ദുള്ള പറഞ്ഞതിന് പിന്നാലെയായിരുന്നു പി.ഡി.പിയുടെ പ്രഖ്യാപനം.

ജമ്മു കശ്‌മീരില്‍ അഞ്ച് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ്‌ 7, മെയ്‌ 13, മെയ്‌ 20 എന്നീ ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

Tags:    
News Summary - Mehbooba Mufti strongly criticized the closure of Jamia Masjid in Srinagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.