ന്യൂഡൽഹി: ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർ മരണപ്പെട്ടാലും കേസ് നടപടികളിൽ അദ്ദേഹത്തിന്റെ നിയമപരമായ അവകാശികളെ കക്ഷി ചേർക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.എസ്. ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് മുപ്പതിലേറെ വർഷം പഴക്കമുള്ള കേസിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഡോക്ടറുടെ ചികിത്സയെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിക്കാരന്റെ വാദം പരിഗണിക്കവെയാണ്, ഡോക്ടർ മരിച്ചാൽ കേസ് തുടരാനുള്ള അവകാശം നിലനിൽക്കുമോ എന്ന നിയമപരമായ ചോദ്യത്തിന് കോടതി മറുപടി നൽകിയത്. 1986-ലെയും 2019-ലെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പ്രകാരം, ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഡോക്ടർ മരിച്ചാൽ നിയമപരമായ അവകാശികളെ റെക്കോർഡുകളിൽ കൊണ്ടുവരാമെന്നും അതനുസരിച്ച് ബാധ്യത നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി.
മോട്ടോർ വാഹന അപകടങ്ങൾ ഉൾപ്പെടെയുള്ള മറ്റ് നഷ്ടപരിഹാര കേസുകൾക്കും ബാധകമായേക്കാവുന്ന ഈ വിധിയിൽ, പ്രതിക്ക് പ്രതിരോധിക്കാനുള്ള അവകാശം പോലെ തന്നെ വാദിക്ക് കേസ് നടത്താനുള്ള അവകാശവും നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. 1990-ൽ ബീഹാറിലെ മുഗറിൽ ഡോ. പി.ബി. ലാലിന്റെ ചികിത്സയ്ക്ക് ശേഷം കാഴ്ച നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് 1997-ലാണ് കേസ് ഫയൽ ചെയ്തത്. പരാതി നിലനിൽക്കെ 2009-ൽ ഡോക്ടറും 2014-ൽ പരാതിക്കാരനും മരണപ്പെട്ടിരുന്നു. ഇൻഡ്യൻ സക്സഷൻ ആക്ട്, സി.പി.സി എന്നിവയിലെ വ്യവസ്ഥകൾ വിശകലനം ചെയ്ത കോടതി, ചരിത്ര താളുകളിൽ മറഞ്ഞുപോയേക്കാവുന്ന ഇത്തരം നിയമവശങ്ങൾ വിദ്യാർത്ഥികൾക്കും സ്റ്റേക്ക് ഹോൾഡർമാർക്കും പാഠമാണെന്നും കൂട്ടിച്ചേർത്തു. കൂടുതൽ വ്യക്തതയ്ക്കായി ഇന്ത്യൻ സക്സഷൻ ആക്ടിലെ സെക്ഷൻ 306-ന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ലോ കമ്മീഷൻ പുനപരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.