ഝാർഖണ്ഡിൽ ആൾക്കൂട്ടക്കൊല; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, എട്ട് പേർ അറസ്റ്റിൽ

റാഞ്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തോളം തടവിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഝാർഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

32കാരനായ എം.ഡി. എംറോസ് ആണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എംറോസ് തട്ടിക്കൊണ്ടുപോയി രണ്ടുദിവസത്തോളം തടവിൽ പാർപ്പിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നായിരുന്നു മർദനം.

എംറോസ് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിൽ രണ്ട് ദിവസത്തോളം തടവിൽ പാർപ്പിച്ച ശേഷം പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതോടെ കുടുംബം പ്ര​ദേശത്ത് മുഴുവൻ തിരഞ്ഞിരുന്നു. എന്നാൽ കണ്ടെത്താനായില്ല. രണ്ടുദിവസത്തിന് ശേഷം ചൊവ്വാഴ്ച പുല​ർച്ചെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പീഡനങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളോട് വിവരിക്കുകയായിരുന്നു. ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.

ഇതോടെ, പ്രദേശവാസികൾ ഒത്തുകൂടി ഇയാളുടെ വീട് വളയുകയായിരുന്നു. തുടർന്ന് പ്രകോപിതരായ ആളുകൾ എംറോസിനെ കെട്ടിയിട്ട് മർദിച്ചു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഇയാളെ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിയുടെ പിതാവ് സുൽത്താൻ മിയാനും പരിക്കേറ്റു.

സംഭവത്തെ തുടർന്ന് പെൺകുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ആക്രമണത്തിൽ പങ്കാളികളായ എട്ടുപേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, എംറോസിനെതിരെ മുമ്പും ലൈംഗികാതിക്രമക്കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും 2023ൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നുവെന്നും ​പ്രദേശവാസികൾ പറയുന്നു. 

Tags:    
News Summary - ഝാർഖണ്ഡിൽ ആൾക്കൂട്ടക്കൊല | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.