പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഒഡിഷയിലെ റായഗഡ ജില്ലയിൽ സർക്കാർ സ്കൂൾ ഹോസ്റ്റലിൽ റാഗിങ്ങിനെതിരെ പരാതി നൽകിയ 20ലേറെ ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. പരാതി നൽകിയതിന്റെ പ്രതികാരമായാണ് പത്താം ക്ലാസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഞായറാഴ്ച രാത്രി റായഗഡ ജില്ലയിലെ എസ്.എസ്.ഡി ഹൈസ്കൂൾ ഹോസ്റ്റലിലായിരുന്നു സംഭവം. ഹോസ്റ്റലിൽ റാഗിങ്ങും നിരന്തര പീഡനവും നേരിടുന്നുവെന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ ഹെഡ്മാസ്റ്ററോട് പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതരായ പത്താം ക്ലാസ് വിദ്യാർഥികൾ പരാതിക്കാരായ വിദ്യാർഥികളെ മുറിയിലേക്ക് വിളിച്ചുവരുത്തി ക്രിക്കറ്റ് ബാറ്റും വടികളും ഉപയോഗിച്ച് മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. വിദ്യാർഥികളുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടെന്നും ചിലർക്ക് ഗുരുതര പരിക്കുകളുണ്ടായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ പ്രതാപ് ചന്ദ്ര സൗന്തക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
രാത്രി വൈകിയാണ് ആക്രമണം നടന്നതെന്നും ചൊവ്വാഴ്ച രാവിലെയാണ് വിവരം അറിഞ്ഞതെന്നും സംഭവത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ പ്രതികരിച്ചു. തുടർന്ന് പരിക്കേറ്റ വിദ്യാർഥികളെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികളുടെ പീഡനം ഏറെ നാളായി തുടരുകയാണെന്നും അധ്യാപകരോട് പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും പരിക്കേറ്റ വിദ്യാർഥികളിൽ ഒരാളായ ശുഭം നായിക് ആരോപിച്ചു. ‘വടികൊണ്ട് മർദിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പരാതി നൽകിയതിന്റെ പ്രതികാരമായാണ് ഇപ്പോൾ ആക്രമിച്ചത്’ വിദ്യാർഥി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.