photo: India Today

ഹാഥറസിലെത്തിയത് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന് ഡോക്ടര്‍; നടപടിക്ക് മെഡിക്കല്‍ കോളജ്

ഭോപ്പാല്‍: ഉത്തര്‍ പ്രദേശില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന് പറഞ്ഞെത്തിയ മധ്യപ്രദേശ് ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് നടപടിക്ക്. ഡോ. രാജ്കുമാരി ബന്‍സാല്‍ എന്ന യുവതിക്കെതിരെ ജബല്‍പൂര്‍ മെഡിക്കല്‍ കോളജാണ് നടപടിക്കൊരുങ്ങുന്നത്.

മനുഷ്യത്വത്തിന്റെ പേരിലാണ് താന്‍ ഹാഥറസിലെത്തിയതെന്നാണ് ഡോക്ടര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനാണ് ഹാഥറസില്‍ വന്നത്. ഫോറന്‍സിക് വിദഗ്ധയായതിനാല്‍ പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ എനിക്ക് പരിശോധിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, റിപ്പോര്‍ട്ടുകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല -രാജ്കുമാരി ബന്‍സാല്‍ പറഞ്ഞു.

എന്നാല്‍, രാജ്കുമാരി ബന്‍സാലിനെതിരെ ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ രംഗത്തെത്തി. അത്തരമൊരു നീക്കത്തില്‍ ഒരു സര്‍ക്കാര്‍ സേവകന്‍ ഭാഗമാകുന്നത് ഗുരുതര തെറ്റാണ്. ഡോ. രാജ്കുമാരി ബന്‍സാലിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി വിശദീകരണം തേടും. നടപടിയുമുണ്ടാകും -ജപല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ പി.കെ കസര്‍ പറഞ്ഞു.

ഡോ. രാജ്കുമാരി ബന്‍സാലിന് മാവോവാദികളുമായി ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നുകഴിഞ്ഞു. മാവോവാദി ബന്ധമുണ്ടെങ്കില്‍ അധികൃതര്‍ അത് തെളിയിക്കട്ടെ. എന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ട്. ഫോണ്‍ ചോര്‍ത്തുന്നതിനെതിരെ ജബല്‍പൂര്‍ സൈബര്‍ സെല്ലിനെ സമീപിക്കും -രാജ്കുമാരി ബന്‍സാല്‍ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.