ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ പ്രാണികളോട് ഉപമിച്ചെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണമായും നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതിയിൽ നടത്തിയ ചില വാക്കാലുള്ള നിരീക്ഷണങ്ങളെ മാധ്യമങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഒരു അഭിഭാഷകന് മുതിർന്ന അഭിഭാഷക പദവി നൽകുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് വിവാദത്തിന് ആസ്പദമായ പരാമർശം ഉണ്ടായത്.
‘വ്യവസ്ഥിതിയെ ആക്രമിക്കുന്ന ചില സാമൂഹിക പരാദങ്ങൾ നിലവിലുണ്ട്, നിങ്ങൾ അവർക്കൊപ്പം കൈകോർക്കാനാണോ ആഗ്രഹിക്കുന്നത്?’എന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ ചോദിച്ചിരുന്നു.
തുടർന്ന്, തൊഴിലോ പ്രഫഷനിൽ കൃത്യമായ സ്ഥാനമോ ലഭിക്കാത്ത ചില യുവാക്കൾ പ്രാണികളെപ്പോലെയുണ്ട്. അവരിൽ ചിലർ മാധ്യമങ്ങളായും സോഷ്യൽ മീഡിയക്കാരായും ആർ.ടി.ഐ പ്രവർത്തകരായും മാറി മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങുന്നുഎന്നും അദ്ദേഹം വാക്കാൽ നിരീക്ഷിച്ചു.
തന്റെ പരാമർശം വിവാദമായതോടെ തൊട്ടടുത്ത ദിവസം തന്നെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി.
വ്യാജ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളുമായി നിയമരംഗത്തേക്കും മറ്റ് തൊഴിൽ മേഖലകളിലേക്കും കടന്നുകൂടുന്നവരെയാണ് താൻ കടുത്ത ഭാഷയിൽ വിമർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
യഥാർഥ യോഗ്യതയില്ലാതെ ഇത്തരം വ്യാജ രേഖകളിലൂടെ കടന്നുകൂടി വ്യവസ്ഥിതിയെ തകർക്കുന്നവരെയാണ് താൻ ‘പരാദങ്ങൾ’ എന്ന് വിളിച്ചതെന്നും, അല്ലാതെ രാജ്യത്തെ തൊഴിൽ രഹിതരായ യുവാക്കളെ ആക്ഷേപിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ യുവാക്കൾ രാജ്യത്തിന്റെ വികസനത്തിന്റെ തൂണുകളാണെന്നും അവരുടെ കഠിനാധ്വാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ അദ്ദേഹം അറിയിച്ചു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.