മീഡിയ വൺ വിലക്ക്: കേന്ദ്ര സർക്കാർ അധികാരം ദുർവിനിയോഗം ചെയ്യരുതെന്ന് ദേശീയ പ്രമുഖരുടെ സംയുക്ത പ്രസ്താവന

ന്യൂഡൽഹി: സർക്കാർ വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമങ്ങളെ അടിച്ചമർത്താനും വിമർശനങ്ങളെ തടയാനും കേന്ദ്ര സർക്കാർ അതിന്റെ അധികാരം ദുർവിനിയോഗം ചെയ്യരുതെന്ന് ​ദേശീയ രംഗത്തെ പ്രമുഖരായ മാധ്യമ, സാമൂഹിക, രാഷ്ട്രീയ വ്യക്തിത്വങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19ന്റെ നഗ്നമായ ലംഘനമാണ് കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയ നടപടി. മൗലികാവകാശങ്ങളുടെ പ്രത്യക്ഷ ലംഘനമായ കേന്ദ്ര ആഭ്യന്തര-വാർത്താ വിതരണ മന്ത്രാലയങ്ങളുടെ നടപടി റദ്ദാക്കാൻ വിസമ്മതിച്ച കേരള ഹൈക്കോടതി സിഗിൾ ബഞ്ച് വിധി തീർത്തും നിരാശാജനകവുമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ദി ഹിന്ദു ചെയർമാൻ എൻ. റാം, സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ മുൻ അധ്യക്ഷൻ ആകാർ പട്ടേൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്‌വിജയ സിങ് എന്നിവരടക്കം 43 പേരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.

പ്രസ്താവനയുടെ പൂർണരൂപം:

കേരളത്തിൽ 10 വർഷമായി പ്രവർത്തിക്കുന്ന മീഡിയവൺ വാർത്താ ചാനലിന്റെ അപ്‍ലിങ്കിംഗ്-ഡൗൺലിങ്കിംഗ് ലൈസൻസ് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ഏകപക്ഷീയമായി റദ്ദാക്കിയിരിക്കുകയാണ്. 'ദേശ സുരക്ഷ' എന്ന അവ്യക്തമായ ന്യായം പറഞ്ഞാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പെട്ടെന്നുള്ള നടപടി.

2011 സെപ്റ്റംബർ 30നാണ് മീഡിയവണിന് 10 വർഷത്തേക്ക് ലൈസൻസ് ലഭിച്ചത്. അന്നുമുതൽ മലയാള വാർത്താ ചാനലായി ഇന്ത്യൻ മാധ്യമ ലോകത്ത് നിറഞ്ഞുനിൽക്കുന്ന മീഡിയവൺ, സർക്കാർ നടപടിയെത്തുടർന്ന് 2022 ജനുവരി 31 മുതൽ സംപ്രേഷണം നിർത്തിവച്ചിരിക്കുകയാണ്. സുരക്ഷാ അനുമതിയില്ലാത്തതിനാൽ ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നിരസിക്കുന്നവെന്ന വിവരം മാത്രമാണ് മീഡിയവണിനെ അറിയിച്ചിരിക്കുന്നത്.

മികച്ച മാധ്യമ പ്രവർത്തനത്തിന് സംസ്ഥാന സർക്കാറിന്റേതടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ മീഡിയവൺ ഇതിനകം കേരളത്തിലെ മുൻനിര വാർത്താചാനലായി അംഗീകാരം നേടിയിട്ടുണ്ട്. ഇന്ത്യയിൽ 15.4 ദശലക്ഷം പ്രേക്ഷകരും ഇന്ത്യക്ക് പുറത്ത് 3.2 ദശലക്ഷം പ്രേക്ഷകരുമുണ്ടെന്നാണ് കണക്കാക്കുന്നത്. സൈബർ വാർത്താ ലോകത്താകട്ടെ പ്രേക്ഷകരുടെ എണ്ണം ഇന്ത്യയിൽ 1.8 ശതകോടിയും ഇന്ത്യക്ക് പുറത്ത് 103.08 ദശലക്ഷവുമാണ്.

അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 19ന്റെ നഗ്നമായ ലംഘനമാണ് കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയ നടപടി. മൗലികാവകാശങ്ങളുടെ പ്രത്യക്ഷ ലംഘനമായ കേന്ദ്ര ആഭ്യന്തര-വാർത്താ വിതരണ മന്ത്രാലയങ്ങളുടെ നടപടി റദ്ദാക്കാൻ വിസമ്മതിച്ച കേരള ഹൈക്കോടതി സിഗിൾ ബഞ്ച് വിധി തീർത്തും നിരാശാജനകവുമാണ്.

ആഭ്യന്തര മന്ത്രാലയം കൊമാറിയ 'മുദ്രവച്ച കവറി'ന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബഞ്ച് ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സർക്കാർ ഹാജരാക്കിയ രേഖയിലെ ഉള്ളടക്കം പോലും മീഡിയവണിനെ ഇതുവരെ അറിയിച്ചിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.

ഒരു നിയമ വ്യവഹാരം തീർപ്പാക്കണമെങ്കിൽ കൃത്യമായ തെളിവുകൾ ഹാജരാക്കണമെന്നതും ഈ തെളിവുകൾ ഇരുകക്ഷികളെയും അറിയിക്കണമെന്നതും ഏത് നിയമ നടപടിയുടെയും അടിസ്ഥാന തത്വമാണ്. മൗലികാവകാശവുമായി ബന്ധപ്പെട്ട കേസാണെങ്കിൽ വിശേഷിച്ചും.

എന്നാൽ, മീഡിയവൺ കേസിൽ വിധിക്ക് ആധാരമായ കാരണങ്ങൾ എന്തൊക്കെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പകരം കേന്ദ്ര സർക്കാർ പറഞ്ഞ 'ഇന്റലിജൻസ് ഇൻപുട്ട്', 'ദേശ സുരക്ഷ' തുടങ്ങിയ വാക്കുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തത്. നിർബന്ധമായും പാലിക്കേണ്ട ഭരണഘടനാ ബാധ്യത നിർവഹിക്കുന്നതിൽ ബഹുമാനപ്പെട്ട കോടതി ഈ കേസിൽ പരാജയപ്പെട്ടുവെന്നാണ് മനസ്സിലാക്കേണ്ടത്.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ 2020ൽ കേന്ദ്ര സർക്കാർ 48 മണിക്കൂർ നേരത്തേക്ക് മീഡിയവണിന് വിലക്ക് ഏർപെടുത്തിയിരുന്നു. മറ്റൊരു മലയാളം ചാനലായ ഏഷ്യാനെറ്റ് ന്യൂസിനെതിരെയും അന്ന് സമാന നടപടിയുണ്ടായി. ഡൽഹിയിലുണ്ടായ ഭീതിതമായ സാമുദായിക കലാപത്തെക്കുറിച്ച് സമഗ്രമായ റിപ്പോർട്ടിങ്ങാണ് അന്ന് മീഡിയവൺ നടത്തിയത്.

ഈ വിഷയത്തിൽ സർക്കാർ സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്നതാണ് നടപടിക്ക് കാരണം. ആർ.എസ്.എസിനെയും ഡൽഹി പൊലീസിനെയും വിമർശിച്ചതാണ് വിലക്കിന് കാരണമെന്ന് അന്ന് സർക്കാർ തന്നെ രേഖാമൂലം അറിയിച്ചു. 12 മണിക്കൂറിന് ശേഷം, മറ്റേ ചാനലിന്റെ സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ മീഡിയവൺ വിലക്കും കേന്ദ്രം നീക്കി.

പുതിയ വിലക്കിനെതിരെ നടക്കുന്ന നിയമ നടപടികളിലൂടെ, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മീഡിയവണിന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടുമെന്നും ചാനലിന്റെ സംപ്രേഷണ ലൈസൻസ് പുനഃസ്ഥാപിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. സർക്കാർ വ്യാഖ്യാനങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്ന മാധ്യമങ്ങളെ അടിച്ചമർത്താനും വിമർശനങ്ങളെ തടയാനും കേന്ദ്ര സർക്കാർ അതിന്റെ അധികാരം ദുർവിനിയോഗം ചെയ്യരുത്.

സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

എൻ. റാം (ചെയർമാൻ, ദി ഹിന്ദു)

പ്രശാന്ത് ഭൂഷൺ (സുപ്രീംകോടതി അഭിഭാഷകൻ)

ആകാർ പട്ടേൽ (മുൻ അധ്യക്ഷൻ, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ)

പ്രമോദ് രാമൻ (എഡിറ്റർ, മീഡിയവൺ)

ദിഗ് വിജയ സിങ് എം.പി (ജന. സെക്രട്ടറി, എ.ഐ.സി.സി)

മഹുവ മോയിത്ര എം.പി (തൃണമൂൽ കോൺഗ്രസ്)

കനിമൊഴി എം.പി (ഡി.എം.കെ)

മനോജ് കുമാർ ഝാ, എം.പി (ദേശീയ വക്താവ്, കോൺഗ്രസ്)

പ്രിയങ്ക ചതുർവേദി എം.പി (ഡെപ്യുട്ടി ലീഡർ, ശിവസേന)

എളമരം കരീം എം.പി (പാർലമെന്ററി പാർട്ടി ലീഡർ, സി.പി.എം)

ഇ.ടി. മുഹമ്മദ് ബഷീർ എം.പി (പാർലമെന്ററി പാർട്ടി ലീഡർ, മുസ്ലിം ലീഗ്)

ബിനോയ് വിശ്വം എം.പി (പാർലമെന്ററി പാർട്ടി ലീഡർ, സി.പി.ഐ)

എം.വി ശ്രേയാംസ് കുമാർ എം.പി (പ്രസിഡണ്ട്, കേരള ടെലിവിഷൻ ഫെഡറേഷൻ)

എൻ.കെ പ്രേമചന്ദ്രൻ എം.പി (പാർലമെന്ററി പാർട്ടി ലീഡർ ആർ.എസ്.പി)

ജോൺ ബ്രിട്ടാസ് എം.പി (എം.ഡി, കൈരളി ടി.വി)

ബദറുദ്ദീൻ അജ്മൽ എം.പി (പാർലമെന്ററി പാർട്ടി ലീഡർ, എ.ഐ.യു.ഡി.എഫ്)

കൊൽസെ പാട്ടീൽ ബി.ജി (മുൻ ജഡ്ജ്, മുംബൈ ഹൈക്കോടതി)

ടീസ്റ്റ സെത്ൽവാദ് (മനുഷ്യാവകാശ പ്രവർത്തക)

കെ.എസ് സുബ്രമണ്യൻ ഐ.പി.എസ് (ഫോർമർ ഡി.ജി.പി, ഉത്തർപ്രദേശ്)

കൊളിൻ ഗോൺസാൽവസ് (സീനിയർ അഭിഭാഷകൻ, സുപ്രീം കോടതി)

ശശി കുമാർ (മുതിർന്ന മാധ്യമപ്രവർത്തകൻ, ചെയർമാൻ, ഏഷ്യൻ കോളജ് ഓഫ് ജേണലിസം)

ആർ. രാജഗോപാൽ (എഡിറ്റർ, ടെലഗ്രാഫ്)

വിനോദ് കെ ജോസ് (എക്‌സിക്യൂട്ടീവ് എഡിറ്റർ, ദി കാരവൻ)

കെ. സച്ചിദാനന്ദൻ (കവി, സാഹിത്യ അക്കാദമി സെക്രട്ടറി)

തുഷാർ ഗാന്ധി (എഴുത്തുകാർ, സാമൂഹ്യപ്രവർത്തകൻ)

മൗലാന മുഹമ്മദ് മദനി (പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമയെ ഹിന്ദ്)

പ്രഫ. രാം പുനിയാനി (എഴുത്തുകാരൻ)

സയ്യിദ് സാദത്തുല്ലാഹ് ഹുസൈനി (പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ്)

ജോസി ജോസഫ് (എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ)

ഡോ. ജോൺ ദയാൽ (വക്താവ് - യുനൈറ്റഡ് ക്രിസ്റ്റിയൻ ഫോറം)

ഡോ. എസ്.ക്യു.ആർ ഇല്യാസ് (പ്രസിഡന്റ്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ)

പ്രഫ. അപൂർവാനന്ദ് (എഴുത്തുകാരൻ, അധ്യാപകൻ)

പ്രഫ. എ മാർക്‌സ് (ചെയർമാൻ, എൻ.സി.എച്ച്.ആർ.ഒ)

ശബ്‌നം ഹാഷ്മി (സാമൂഹ്യപ്രവർത്തക)

നിവേദിത മേനോൻ (പ്രഫസർ, ജെ.എൻ.യു)

സബ നഖ്‌വി (മാധ്യമപ്രവർത്തകൻ)

നന്ദിത ഹസ്‌കർ (അഭിഭാഷക, എഴുത്തുകാരി)

മുജ്തബ ഫാറൂഖ് (കൺവീനർ, ആൾ ഇന്ത്യ മുസ്ലിം മജ്‌ലിസെ മുശാവറാത്ത്)

ആനന്ദ് പഠ്‌വർധൻ (ഡോക്യുമെന്ററി ഫിലിംമേക്കർ)

കവിത ശ്രീവാസ്തവ (ദേശീയ സെക്രട്ടറി, പി.യു.സി.എൽ)

കെ.പി റെജി (പ്രസിഡന്റ്, കെ.യു.ഡബ്ല്യു.ജെ)

മുഹമ്മദ് സൽമാൻ ഇംതിയാസ് (പ്രസിഡന്റ്, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി യൂനിയൻ)

ഗോപി സ്വാമി (ജന. സെക്രട്ടറി, എച്ച്.സി.യു വിദ്യാർത്ഥി യൂനിയൻ)

Tags:    
News Summary - Media One ban: Joint statement that the central government should not abuse its power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.