ന്യൂഡൽഹി: ഡിസംബർ നാലിന് നടക്കുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്റെ സൂക്ഷ്മ പരിശോധനയിൽ 43 ശതമാനം നാമനിർദേശ പത്രികകളും തള്ളി. 250 വാർഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. 2585 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. അതിൽ 1115 നാമനിർദേശ പത്രികകൾ(43.13ശതമാനം) തള്ളി. 1405 പത്രികകളാണ് ബുധനാഴ്ച വരെ അംഗീകരിച്ചത്.
അപൂർണമായ നാമനിർദേശ പത്രികകൾ, വേണ്ടത്ര ആളുകളുടെ പിന്തുണയില്ലാത്ത പത്രികകൾ, സത്യവാങ്മൂലം സമർപ്പിക്കാത്തവ, ഒന്നിലേറെ നൽകിയ പത്രികകൾ, ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താത്ത പത്രികകൾ എന്നിവയാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. 15 പാർട്ടികളിൽ നിന്നായി 2021 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്.
ബി.ജെ.പി 654 നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നു. അതിൽ 258 എണ്ണം മാത്രമാണ് അംഗീകരിച്ചത്. 375 എണ്ണം തള്ളി. ആംആദ്മി പാർട്ടിയുടെ 728 പത്രികകളിൽ 258 എണ്ണമാണ് അംഗീകരിച്ചത്. 449 എണ്ണം തള്ളി. കോൺഗ്രസിന്റെ 405 പത്രികകളിൽ 242 എണ്ണം അംഗീകരിക്കപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പാർട്ടികൾ രണ്ടും മൂന്നും സെറ്റ് പത്രികകളും ഡമ്മി പത്രികകളും സമർപ്പിക്കും. അവയിൽ ഒന്ന് മാത്രമാണ് അംഗീകരിക്കുക എന്നും അതാണ് ഇത്രയേറെ പത്രികകൾ നിരസിക്കാനിടയാവുന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.