ഇംഗ്ലീഷ് ബസാർ (പശ്ചിമബംഗാൾ): ഇടത്-കോൺഗ്രസ് സഖ്യത്തെ വെട്ടിലാക്കി, സാഹചര്യം വന്നാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തങ്ങൾ പിന്തുണച്ചേക്കുമെന്ന് മുതിർന്ന കോൺഗ്രസ് എം.പി. നിയമസഭയിൽ അത്തരമൊരു സാഹചര്യം ഉരുത്തിരിയുകയാണെങ്കിൽ സർക്കാർ രൂപവത്കരിക്കാൻ തൃണമൂലിനെ കോൺഗ്രസ് പിന്തുണച്ചേക്കുമെന്നാണ് അബൂഹസം ഖാൻ ചൗധരി എം.പി പ്രഖ്യാപിച്ചത്.
ബംഗാളിൽ തൃണമൂലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന ഇടത്-കോൺഗ്രസ് സഖ്യത്തിെൻറ, മമത സർക്കാർ വിരുദ്ധ മുദ്രാവാക്യത്തെ തള്ളിക്കളയുംവിധമുള്ള പ്രസ്താവന സഖ്യ ക്യാമ്പിനെ അമ്പരപ്പിച്ചിട്ടുണ്ട്. അബ്ബാസ് സിദ്ദീഖി തലവനായ ആത്മീയ സംഘടന ഫുർഫുറ ശരീഫുമായി സഖ്യത്തിലേർപ്പെട്ട ഇടതുപക്ഷത്തെ അബൂഹസം ഖാൻ ചൗധരി പരിഹസിക്കുകയും ചെയ്തു. ''അബ്ബാസ് സിദ്ദീഖിയുമായി ഞങ്ങളല്ല, സി.പി.എമ്മാണ് സഖ്യമുണ്ടാക്കിയത്. ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്ന ഭയമാണ് സി.പി.എമ്മിനെ സഖ്യത്തിന് പ്രേരിപ്പിച്ചതെന്ന് തോന്നുന്നു.
ഇടതുപക്ഷവുമായി ഞങ്ങൾ സഖ്യമുണ്ടാക്കി. അവരാകട്ടെ, അതിനുശേഷം സിദ്ദീഖിയുമായി ഒന്നിക്കുകയും ചെയ്തു. ഇതു ശരിയല്ലെന്ന് ഞങ്ങൾ പറഞ്ഞുവെങ്കിലും, ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിയില്ലെന്ന ഭയത്താൽ അവർ സഖ്യത്തിന് തുനിഞ്ഞു. അങ്ങനെ മതത്തിെൻറ പേരിൽ സി.പി.എമ്മിന് എട്ടുപത്ത് സീറ്റ് കിട്ടിയേക്കാം'' -അബൂഹസം ഖാൻ പറഞ്ഞു. കോൺഗ്രസിനോടുള്ള മനോഭാവത്തിെൻറ അടിസ്ഥാനത്തിൽ തൃണമൂലിനെ ഇഷ്ടമല്ല എന്നതു ശരിയാണെങ്കിലും അത് വർഗീയ പാർട്ടിയല്ലെന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അബൂഹസം ഖാൻ ഏതു സാഹചര്യത്തിലാണ് പറഞ്ഞത് എന്നറിയില്ലെന്നും അതുെകാണ്ട് പ്രതികരിക്കുന്നില്ലെന്നുമാണ് സി.പി.എം മാൾഡ ജില്ല സെക്രട്ടറി അംബർ മിത്ര പറഞ്ഞത്. ഇതിനിടെ, കോൺഗ്രസ് നേതാവിെൻറ പ്രസ്താവന ബി.ജെ.പി ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.