ലഖ്നൗ: മതംമാറ്റം ആരോപിച്ച് അറസ്റ്റിലായ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രബോധകനുമായ ഉമർ ഗൗതമിന് ജാമ്യം. ലഖ്‌നൗ ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് 776 ദിവസത്തിനുശേഷം കേസിൽ ജാമ്യം അനുവദിച്ചത്. യു.പി തീവ്രവാദ വിരുദ്ധ സ്ക്വാഡ് 2021 ജൂൺ 20നാണ് ഉമറിനെ അറസ്റ്റ് ചെയ്തത്.
മറ്റു കേസുകളുള്ളതിനാൽ അദ്ദേഹത്തിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാകില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് യു.പി പൊലിസ് ഉമര്‍ ഗൗതമിനെയും സഹപ്രവര്‍ത്തകന്‍ ജഹാംഗീര്‍ ആലം ഖാസിമിയെയും അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. മതപ്രബോധന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉമര്‍ ഗൗതം ഹിന്ദുമതത്തില്‍നിന്നാണ് ഇസ്ലാമിലെത്തിയത്.
ഇസ്ലാമിക് ദഅ് വ സെന്‍ററിന്‍റെ സ്ഥാപകനാണ്. മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ അടുത്ത ബന്ധുവായ ഇദ്ദേഹം വർഷങ്ങളായി ജീവകാരുണ്യ-പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരെ നിർബന്ധിപ്പിച്ച് മതം മാറ്റിയെന്നും ഇത്തരത്തിൽ മതം മാറിയെത്തിയവർക്ക് വിവാഹത്തിനുള്ള സൗകര്യം ഒരുക്കി നൽകിയെന്നും വിദേശ ഫണ്ട് സ്വീകരിച്ചെന്നുമാണ് ഉമർ ഗൗതമിനെതിരെയുള്ള ആരോപണം. ഗൂഢാലോചന, വഞ്ചന, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങളും യു.പിയിലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
2021 ജൂൺ 25ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റർ ചെയ്തു. 2022 ഫെബ്രുവരി 11ന് ഒരു കേസിൽ കോടതി ജാമ്യം നൽകിയിരുന്നു. ഉമർ ഗൗതമിന്‍റെ കുടുംബത്തെയും പൊലീസ് വേട്ടയാടുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിൽ പങ്കാളിയായെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്‍റെ മകനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.