ഹിന്ദുക്കൾ നേരത്തെ വിവാഹം ചെയ്ത് അഞ്ച് കുട്ടികളെ ഉണ്ടാക്കണം; വിവാദ പരാമർശവുമായി ബി.ജെ.പി എം.പി

ഭോപ്പാൽ: ഹിന്ദുക്കൾ നേരത്തെ കല്യാണം കഴിക്കണമെന്നും അഞ്ച് കുട്ടികളെ വീതം ഉണ്ടാക്കണമെന്നും ബി.ജെ.പി. ദേശിയ ജനറൽ സെക്രട്ടറിയും എം.പിയുമായ ഗജേന്ദ്ര സിങ് പട്ടേൽ. രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിലെ ജനസംഖ്യാ പ്രവണതകളിൽ മാറ്റം വന്നെന്നും സ്വാതന്ത്ര്യത്തിനും 2011 ലെ സെൻസസിനും ശേഷം ഹിന്ദു സമുദായത്തിന്റെ ജനസംഖ്യ ഗ്രാഫ് താഴേക്ക് പോയപ്പോൾ മറ്റേ സമുദായത്തിന്റേത് ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ബർവാനിയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

"മുൻ തലമുറകളിൽ നാലോ അഞ്ചോ ആറോ ഏഴോ കുട്ടികൾ ഉണ്ടാകുമായിരുന്നു. ആളുകൾ 20, 21, അല്ലെങ്കിൽ 22 വയസ്സിലാണ് വിവാഹം കഴിച്ചിരുന്നത്. എന്നാലിന്ന് ആളുകൾ 30 അല്ലെങ്കിൽ 35, 37 വയസ്സിലോ വിവാഹിതരാകുകയും ഒരു കുട്ടിമാത്രം ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് സനാതനികൾക്കിടയിലെ ജനനനിരക്ക് 1.9 ആയി കുറഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ യുവാക്കൾ നേരത്തെ വിവാഹിതരായി അഞ്ച് കുട്ടികൾ വീതം ഉണ്ടാക്കണം," - ഗജേന്ദ്ര സിങ് പട്ടേൽ പറഞ്ഞു.

ജനിക്കുന്ന നാല് കുട്ടികളിൽ ഒരാൾ ഹിന്ദു സമുദായത്തിൽ നിന്നും മൂന്ന് പേർ "മറ്റ് സമുദായത്തിൽ" നിന്നുമാണെന്ന് ഗജേന്ദ്ര സിങ് അവകാശപ്പെട്ടു. "1947 നും 1967 നും ഇടയിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. എന്നാൽ സ്വാതന്ത്ര്യത്തിനും 2011ലെ സെൻസസിനും ശേഷം ഒരു സമുദായത്തിന്റെ ജനസംഖ്യാ ഗ്രാഫ് താഴേക്ക് പോയപ്പോൾ മറ്റേ സമുദായത്തിന്റേത് ഉയർന്നു. നമ്മുടെ സമുദായത്തിന്റെ ജനനനിരക്ക് 1.9 ശതമാനമാണെങ്കിൽ മറ്റേ സമുദായത്തിന്റേത് 2.9 ശതമാനമാണ്. വൈകിയുള്ള വിവാഹങ്ങളും ചെറിയ കുടുംബങ്ങളുമാണ് ഹിന്ദുക്കൾക്കിടയിലെ കുറഞ്ഞ ജനനനിരക്കിന് കാരണം."

പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിനെയോ ബി.ജെ.പിയെയോ ആശ്രയിക്കുന്നതിന് പകരം 'സനാതനികൾ' പരസ്പരം സഹായിക്കാൻ മുന്നോട്ടുവരുമെന്ന് ഗജേന്ദ്ര സിങ് പറഞ്ഞു. സമൂഹത്തെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തുന്നതിന് ജിമ്മുകളും പരമ്പരാഗത ഗുസ്തി കളരികളും കൂടുതൽ പ്രോത്സാഹിപ്പിക്കണം. ഭക്തിക്കൊപ്പം ശക്തിയും ആയുധങ്ങളും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - ‘Marry early, have five kids’: BJP MP's advice to Hindus, cites birth rate of ‘other community’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.