മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് പറയാനാകില്ല; കേസ് റദ്ദാക്കി കർണാടക ഹൈകോടതി

ബംഗളൂരു: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് കർണാടക ഹൈകോടതി റദ്ദാക്കി. വിവാഹിതയായ സ്ത്രീക്ക് മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് പ്രതിയായ യുവാവിന്‍റെ ഹരജി പരിഗണിച്ച് അനുകൂല വിധി നൽകിയത്.

പരാതിക്കാരിയായ സ്ത്രീ വിവാഹിതയും കുട്ടിയുടെ അമ്മയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയുന്നതിന് അടിസ്ഥാനമില്ല -കോടതി പറഞ്ഞു.

തന്നെയും കുഞ്ഞിനെയും ഭർത്താവ് ഉപേക്ഷിച്ചതാണെന്ന് സ്ത്രീ പരാതിയിൽ പറഞ്ഞിരുന്നു. ജോലി സ്ഥലത്തുവെച്ചാണ് യുവാവുമായി പരിചയത്തിലായത്. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഏറെ നാൾ ബന്ധം തുടർന്ന ശേഷം ഇയാൾ വിവാഹവാഗ്ദനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് സ്ത്രീ പരാതി നൽകിയത്.

എന്നാൽ താൻ പരാതിക്കാരിയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും, വിവാഹിതയായതിനാൽ താൻ വിവാഹവാഗ്ദാനം നൽകിയിട്ടില്ലെന്നും പ്രതിയായ യുവാവ് കോടതിയിൽ പറഞ്ഞു. 

നേരത്തെയുള്ള വിവാഹത്തിൽ നിന്ന് സ്ത്രീ നിയമപരമായി മോചനം നേടിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു വിവാഹബന്ധം നിലനിൽക്കെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പറയാനാകില്ല. പ്രതി സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകിയെന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല -കേസ് റദ്ദാക്കിക്കൊണ്ട് കോടതി പറഞ്ഞു. 

Tags:    
News Summary - Married Woman Can't Claim She Was Cheated By A Man By Breaching Promise Of Marriage: Karnataka High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.