സുക്മ ആക്രമണം: മാവോവാദികളുടെ കെണിയില്‍ സുരക്ഷസൈന്യം വീണുവെന്ന് പൊലീസ്

റായ്പുര്‍: ശനിയാഴ്ച ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ 12 സി.ആര്‍.പി.എഫ് ഭടന്മാരുടെ മരണത്തിനിടയാക്കിയ മാവോവാദി ആക്രമണം കൃത്യമായ ആസൂത്രണത്തോടെ മാവോവാദികള്‍ നടത്തിയ ഓപറേഷനായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍. ഭേജി മേഖലയില്‍, മാവോവാദികളിലെ 120ഓളം പേരടങ്ങുന്ന രണ്ട് സായുധ വിഭാഗങ്ങള്‍ ഒരുക്കിയ കെണിയില്‍ ഭടന്മാര്‍ വീഴുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പി.ടി.ഐ വാര്‍ത്ത ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ഓപറേഷനായിരുന്നു അത്. ഭേജി -ഇന്‍ജ്റാം പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഭടന്മാരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഈ വഴിയില്‍ ഭടന്മാര്‍ വരുമെന്ന് മനസ്സിലാക്കിയാണ് മാവോവാദികള്‍ കെണിയൊരുക്കിയത്. സംഭവം നടന്ന സ്ഥലത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലത്തില്‍ മാവോവാദി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സി.ആര്‍.പി.എഫ് ജവാന്മാരെ അവരറിയാതെതന്നെ സായുധസംഘം വളയുകയായിരുന്നു. സൈന്യം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 12 മാവോവാദികള്‍ക്ക് വെടിയേറ്റിട്ടുണ്ട്.

പ്രത്യേകതരം ആയുധങ്ങളാണ് മാവോവാദികള്‍ ഉപയോഗിച്ചത്. അഗ്രഭാഗത്ത് ഗ്രനേഡ് ഘടിപ്പിച്ച അമ്പുകളാണ് ഇതിലൊന്ന്. ഈ ആയുധങ്ങള്‍ നേരത്തേ ബസ്തറിലും മറ്റും ഉപയോഗിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി.
അതിനിടെ, കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ഭടന്മാരുടെ മൃതദേഹം നാട്ടിലത്തെിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Tags:    
News Summary - maoist attack in Sukma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.