മംഗലാപുരം കൊലപാതകത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്നും മുസ്‍ലിം പ്രവർത്തകരുടെ കൂട്ടരാജി

മംഗലാപുരം: മംഗലാപുരം തീരദേശ മേഖലയിൽ നടന്ന യുവാവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ച് പാർട്ടി വിട്ടു. മുസ്‍ലിം സമുദായത്തിൽനിന്നുള്ള പ്രവർത്തകരാണ് കൂട്ടത്തോടെ പാർട്ടി വിട്ടത്.  കൊലപാതകത്തിൽ കൃത്യമായ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ യോഗം നടത്തിയതിന് ശേഷമായിരുന്നു രാജിവെക്കൽ.

ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതിനായി ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ കർണാടക സർക്കാർ തയാറായില്ലെന്നും സംരക്ഷണത്തിന്‍റെ പേരിൽ അധരവ്യായാമം മാത്രമാണ് നടത്തുന്നതെന്നും പ്രതിഷേധ യോഗത്തിനെത്തിയവർ പ്രതികരിച്ചു. തങ്ങൾ എന്തിനുവേണ്ടിയാണ് ഈ പാർട്ടിക്ക് വോട്ട് ചെയ്തതെന്നും ദ്വേഷ്യത്തോടെ ചിലർ ചോദിച്ചു.

ദക്ഷിണ കന്നഡ ഡിസ്ട്രിക്ട് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മംഗളുരു മുൻ മേയർ കൂടിയായ എ. അഷറഫ് രാജിവെച്ചു. വർഗീയ കലാപങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് രാജി.

ദക്ഷിണ കന്നഡയിലെ 32കാരനായ അബ്ദുറഹ്മാന്‍റെ കൊലപാതകമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. കോൾട്ടമജലു ജുമാമസ്ജിദ് മുൻ സെക്രട്ടറിയായ അബ്ദുറഹ്മാനെ പതിയിരുന്ന് ആക്രമിച്ചാണ് കൊലപ്പെടുത്തിയത്.

ഒരു മാസം മുൻപ് ഹിന്ദുത്വ നേതാവായ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായാണ് ഈ കൊലയെന്നും അഭ്യൂഹമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.