മൻമോഹൻ സിങ്ങിന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി; സംസ്കാരം രാവിലെ 11.45ന് നിഗംബോധ് ഘട്ടിൽ

ന്യൂഡൽഹി: ദീർഘവീക്ഷണമുള്ള നയങ്ങളുമായി രാജ്യത്തെ പുതിയ കാലത്തേക്ക് കൈപിടിച്ചുനടത്തിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പാണ്ഡിത്യത്തിന്റെ സൗമ്യസാന്നിധ്യമായി നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ ഭൗതികദേഹം ശനിയാഴ്ച ഡൽഹിയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. രാവിലെ 8.30ന് കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെക്കും. തുടർന്ന് 9.30ന് സംസ്കാരസ്ഥലമായ നിഗംബോധ് ഘട്ടിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

ഡല്‍ഹിയിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാൾ, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാൽ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചു. സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തിൽ ദേശീയപതാക പുതപ്പിച്ചു.

മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തിൽ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച ഉച്ചവരെ അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ചത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. ഏഴുദിവസത്തെ ദുഃഖാചരണം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പ്രത്യേക കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേർന്ന് മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ചു.

സംസ്കാരത്തിന് ലോധി റോഡിൽ സ്ഥലം അനുവദിക്കാമെന്നാണ് കേന്ദ്ര സർക്കാർ ആദ്യം അറിയിച്ചതെങ്കിലും മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങളുള്ള രാജ്ഘട്ടിന് സമീപം സ്ഥലം വേണമന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർന്ന് നടന്ന ചർച്ചകളിലാണ് നിഗംബോധ് ഘട്ടിൽ സംസ്കാരം നടത്താൻ തീരുമാനമായത്. വ്യാഴാഴ്ച രാത്രി ഡൽഹി എയിംസിൽ വെച്ചാണ് മൻമോഹൻ സിങ് വിട പറഞ്ഞത്.

Tags:    
News Summary - Manmohan Singh to be cremated with full state honours at 11.45am today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.