ന്യൂഡൽഹി: പണ്ഡിതനും സൗമ്യനുമായ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ എതിർസ്വരങ്ങളോടും പ്രതിഷേധങ്ങളോടും ജനാധിപത്യ സമീപനമായിരുന്നു സ്വീകരിച്ചത്.
ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്ക് പേരുകേട്ട ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) സന്ദർശനത്തിന് എത്തിയ മൻമോഹൻ സിങ്ങിനും ഒരിക്കൽ വിദ്യാർഥി രോഷം നേരിടേണ്ടിവന്നു. കാമ്പസിനകത്ത് സ്ഥാപിച്ച നെഹ്റുവിന്റെ പ്രതിമ 2005ൽ അനാച്ഛാദനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധ ചൂടറിഞ്ഞത്.
സർക്കാറിന്റെ ആണവനയത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനാ വിദ്യാർഥികൾ അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധം നേരിട്ട് വേദിയിലെത്തിയ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്റെ പ്രസംഗം ആരംഭിച്ചത് ‘നിങ്ങൾ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ലായിരിക്കാം, പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ ഞാൻ മരണംവരെ സംരക്ഷിക്കും’ എന്ന ഫ്രഞ്ച് തത്ത്വ ചിന്തകൻ വോൾട്ടയറിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു.
മൻമോഹൻ സിങ് കാമ്പസ് വിട്ടതിനുശേഷം സർവകലാശാല അധികൃതർ പ്രതിഷേധക്കാർക്ക് നോട്ടീസ് നൽകുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നാലു പേരെ കസ്റ്റഡിയിലെടുത്തു. ഇക്കാര്യം അറിഞ്ഞ മൻമോഹൻ സിങ് അന്നത്തെ വൈസ് ചാൻസലർ ബി.ബി. ഭട്ടാചാര്യയോട് വിദ്യാർഥികളോട് മൃദുസമീപനം സ്വീകരിക്കാൻ നിർദേശം നൽകി. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് ഫോൺ വിളി വന്നതോടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ പൊലീസ് വിട്ടയച്ചു.
2020ൽ വിദ്യാർഥി പ്രതിഷേധത്തിന് നേരെ ജെ.എൻ.യു അധികൃതർ കടുത്ത നടപടി സ്വീകരിച്ചതോടെ അന്നും മൻമോഹൻ സിങ്ങിന്റെ നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാവ് ഉമർഖാലിദ് 2020ൽ മൻമോഹൻ സിങ്ങിന്റെ പ്രസംഗത്തിലെ വരികൾ ‘എക്സി’ൽ പങ്കുവെച്ചിരുന്നു. മൻമോഹന്റെ വിയോഗത്തിന് പിന്നാലെ ഈ പോസ്റ്റ് വൈറലായി.
നിശബ്ദ പ്രധാനമന്ത്രി, മൗനി ബാബ തുടങ്ങിയ വിമർശനങ്ങൾ കേൾക്കേണ്ടിവന്ന മൻമോഹൻ സിങ് പത്ത് വർഷ ഭരണത്തിനിടെ പങ്കെടുത്തത് 117 വാർത്തസമ്മേളനങ്ങളിൽ. എന്നാൽ, മൻമോഹൻ സിങ്ങിനെ വിമർശിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്ന നരേന്ദ്ര മോദി തന്റെ ഭരണം പത്ത് വർഷം പിന്നിട്ടിട്ടും ഒരു വാർത്താസമ്മേളനം പോലും വിളിച്ചിട്ടില്ല. 2023ലെ അമേരിക്കൻ സന്ദർശനവേളയിൽ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ച രണ്ട് ചോദ്യങ്ങൾ നരേന്ദ്ര മോദി നേരിടേണ്ടിവന്നെങ്കിലും കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
എന്നാൽ, പാർലമെന്റിനകത്തും പുറത്തും നേരിടേണ്ടിവരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മൻമോഹൻ സിങ് ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ ഓർക്കുന്നു. മൻമോഹൻ സിങ്ങിന്റെ വാർത്തസമ്മേളനങ്ങളിൽ എന്തുചോദിക്കണമെന്ന് നേരത്തേ മാധ്യമ പ്രവർത്തകർക്ക് അറിയിക്കേണ്ടിയിരുന്നില്ല. പ്രധാനമന്ത്രിയായിരിക്കെ 2014ൽ നടത്തിയ അവസാന വാർത്തസമ്മേളനത്തിൽ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. മാധ്യമങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയല്ല താനെന്ന് മോദിയെ വിമർശിച്ചുകൊണ്ട് മൻമോഹൻ സിങ് പറയുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.