ന്യൂഡൽഹി: ഏറെ വൈകി പ്രധാനമന്ത്രി നടത്തിയ മണിപ്പൂർ സന്ദർശനം വെറും ‘സ്റ്റോപ്പ് ഓവറാ’യെന്ന് വിമർശനം. കലാപത്തിലെ ഇരകളോടും കൊല്ലപ്പെട്ടവരുടെ ആശ്രിതരോടും പ്രധാനമന്ത്രി മാപ്പു പറഞ്ഞതുമില്ല. രണ്ടു വർഷത്തിലേറെയായി അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരോട് ആശയവിനിമയം നടത്തിയപ്പോൾ അവരുടെ കണ്ണീര് നേരിൽ കണ്ട മോദി 7000 വീടുകൾ നിർമിക്കുമെന്നും കലാപബാധിതരെ അതിൽ പുനരധിവസിപ്പിക്കുമെന്നും പ്രഖ്യാപിച്ചുവെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് ക്ഷമാപണം നടത്തിയില്ല. പകരം അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സമാധാനത്തിന് ആഹ്വാനം നടത്തുകയുമാണ് ചെയ്തത്.
ബി.ജെ.പി മുഖ്യമന്ത്രി രാജിവെച്ചശേഷം മണിപ്പൂർ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. 260 പേർ മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയെ അറിയിച്ചത്. കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ ആറുമാസത്തേക്കുകൂടി മണിപ്പൂരിലെ രാഷ്ട്രപതി ഭരണം നീട്ടി കേന്ദ്രസർക്കാർ പാർലമെൻറിൽ പ്രമേയം പാസാക്കുകയും ചെയ്തു.
മണിപ്പൂരിനെ വംശീയമായി വിഭജിക്കാൻ ബി.ജെ.പി നടത്തിയ കളിയുടെ പരിണിതഫലമാണ് രണ്ടുവർഷം പിന്നിട്ടിട്ടും ശമിക്കാത്ത കുകികളും മെയ്തെയ്കളും തമ്മിലുള്ള സംഘർഷം എന്നാണ് പ്രതിപക്ഷ കക്ഷികളും പൗരാവകാശ സംഘടനകളും ഒരുപോലെ ആരോപിക്കുന്നത്.
മണിപ്പൂരിലെ സംഘർഷത്തെ വംശീയമെന്നോ വർഗീയമെന്നോ വിശേഷിപ്പിക്കുന്നതിനെക്കാൾ രാഷ്ട്രീയവും ഭരണപരവുമായ വിഷയം എന്ന നിലയിൽ കാണാനാണ് മണിപ്പൂരിൽനിന്നുള്ള രാഷ്ട്രീയ നേതാക്കൾ ആഗ്രഹിക്കുന്നത്. അതിനാൽതന്നെ പ്രശ്നപരിഹാരവും രാഷ്ട്രീയ ഭരണനടപടികളിൽ കൂടിയാകണമെന്നും അവർ ഓർമപ്പെടുത്തുന്നു.
ഭൂരിപക്ഷ ഹിന്ദുക്കളെയും ന്യൂനപക്ഷ ക്രിസ്ത്യാനികളെയും രാഷ്ട്രീയ നേട്ടത്തിനായി തമ്മിലടിപ്പിക്കുകയായിരുന്നു ബി.ജെ.പി എന്നാണ് അവരുടെ പക്ഷം. കലാപത്തിൽ പങ്കാളികളായ നിരവധി സായുധ ഗ്രൂപ്പുകളുമായി ബി.ജെ.പിക്കുള്ള ബന്ധവും ഇവരെടുത്തു കാട്ടുന്നു.
തങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത ഒരു പ്രധാനമന്ത്രിയിൽനിന്ന് ആത്മാർഥതയോടെയുള്ള ഒരു മാപ്പപേക്ഷയാണ് യഥാർഥത്തിൽ മണിപ്പൂർ ജനത ആഗ്രഹിക്കുന്നതെന്നാണ് ഇന്നർ മണിപ്പൂരിൽനിന്നുള്ള ലോക്സഭ എം.പി അങ്കോംച ബിമൽ അകൊയ്ജം പറഞ്ഞത്. അങ്ങനെയെങ്കിൽ പൊറുത്തു കൊടുക്കാനും എല്ലാം മറന്ന് മുന്നോട്ടുപോകാനും മണിപ്പൂർ ജനത തയാറാകുമെന്നും അദ്ദേഹം പറയുന്നു.
ദീർഘകാലം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ കഴിയാത്തതരത്തിൽ ഒരു കലാപം നീണ്ടുനിൽക്കാൻ അനുവദിച്ചത് പ്രധാനമന്ത്രിയുടെ പരാജയമായി അകൊയ്ജം വിശേഷിപ്പിച്ചു. കേവലം ‘സ്റ്റോപ്പ് ഓവർ’ സന്ദർശനം മാത്രമാക്കി പ്രധാനമന്ത്രി 28 മാസത്തിനു ശേഷമുള്ള മണിപ്പൂർ സന്ദർശനത്തെ ചുരുക്കിയെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.