മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡൽഹി: ഡല്‍ഹി സർക്കാറിന്‍റെ പഴയ മദ്യനയത്തിൽ അഴിമതി ആരോപിച്ച്​ രജിസ്റ്റർ ​ചെയ്ത കേസിൽ അറസ്റ്റിലായ എക്​സൈസ്​ വകുപ്പി​ന്‍റെ ചുമതലയുണ്ടായിരുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി കാലാവധി കോടതി രണ്ടു​ ദിവസം നീട്ടി. സിസോദിയ നൽകിയ ജാമ്യപേക്ഷ പരിഗണിക്കുന്നത്​ മാർച്ച്​ 10ലേക്ക്​ മാറ്റി.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്​ ശനിയാഴ്ച സിസോദിയയെ ഡൽഹി റോസ്​ അവന്യു കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്നു ദിവസം കൂടി നീട്ടണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ കാണാനില്ലെന്നും നിര്‍ണായക രേഖകള്‍ കണ്ടെത്താന്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും സി.ബി.ഐ പറഞ്ഞു.

എന്നാൽ, അന്വേഷണ സംഘത്തിന്‍റെ കൈയിൽ മതിയായ രേഖകള്‍ ഇല്ലെന്നും എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ ഒരേ ചോദ്യം ചോദിച്ച്​ തന്നെ മാനസിക പീഡനത്തിന് വിധേയനാക്കുകയാണെന്നും സിസോദിയ അറിയിച്ചു. കേസുമായി സഹകരിക്കാത്തത് ഒരു വ്യക്തിയെ റിമാന്‍ഡ് ചെയ്യുന്നതിനുള്ള കാരണമല്ലെന്നും സിസോദിയയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടർന്ന്​, ഒരേ ചോദ്യം ആവർത്തിച്ച്​ ചോദിക്കരുതെന്ന്​ കോടതി സി.ബി.ഐക്ക്​ നിർദേശം നൽകി.

സിസോദിയ ഹാജരാക്കുന്നതിന്​ മുന്നോടിയായി റോസ് അവന്യൂ കോടതി വളപ്പിലും പുറത്തും കനത്ത സുരക്ഷ സന്നാഹമാണ് ഒരുക്കിയത്​. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സിസോദിയയെ എട്ടു ​മണിക്കൂർ ചോദ്യംചെയ്ത ​ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് സി.ബി.​ഐ അറസ്റ്റ്​ രേഖപ്പെടുത്തിയത്​.​ അറസ്റ്റിന് പിന്നാലെ സിസോദിയ മന്ത്രിസ്ഥാനം രാജിവെച്ചു.  

Tags:    
News Summary - Manish Sisodia's CBI custody extended till Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.