ബജ്റംഗ്ദൾ നേതാക്കൾക്ക് മംഗളൂരു വർഗീയത വിരുദ്ധ സ്ക്വാഡിന്റെ നോട്ടീസ്; 60 തീവ്രഹിന്ദുത്വ സദാചാര ഗുണ്ടകൾ നിരീക്ഷണത്തിൽ

മംഗളൂരു: ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ നിർദേശപ്രകാരം മംഗളൂരുവിൽ പ്രവർത്തിക്കുന്ന വർഗീയത വിരുദ്ധ പ്രത്യേക പൊലീസ് സ്ക്വാഡ് മൂന്ന് ബജ്റംഗ്ദൾ നേതാക്കൾക്ക് നോട്ടീസ് അയച്ചു. കഴിഞ്ഞ മാർച്ച് 26ന് മംഗളൂരു നഗരത്തിൽ മറോളിയിൽ സംഘടിപ്പിച്ച ഹോളി ആഘോഷം ആക്രമിച്ച് അലങ്കോലപ്പെടുത്തിയ സംഭവത്തിന് നേതൃത്വം നൽകിയ ഗണേഷ് അത്താവർ, ജയപ്രകാശ് ശക്തിനഗർ, ബാൽചന്ദർ അത്താവർ എന്നിവർക്കാണ് നോട്ടീസ്.

മൂവരും മംഗളൂരു പൊലീസ് ഡെപ്യൂട്ടി കമീഷണർ മുമ്പാകെ ഹാജരായി വിശദീകരണം നൽകണം. യുവാക്കളും യുവതികളും ഇടകലരുന്നു, ഭിന്ന സമുദായക്കാർ ഒത്തുചേരുന്നു എന്നാരോപിച്ചായിരുന്നു രംഗ് ദെ ബർസ എന്നു പേരിട്ട ആഘോഷം നടക്കുന്നിടത്തേക്ക് സംഘടിച്ചെത്തി ഇരച്ചുകയറി ബജ്റംഗ്ദൾ അക്രമം നടത്തിയത്.

ഡി.ജെ പാർട്ടിക്കായി ഏർപ്പെടുത്തിയ സംഗീത ഉപകരണങ്ങളും ഹോളിയിൽ വിതറാൻ സൂക്ഷിച്ച പലതരം നിറക്കൂട്ടുകളും നശിപ്പിച്ചിരുന്നു. സംഘാടകരായ യുവാക്കളെ മർദിക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് ആഘോഷ പരിപാടികൾ തുടരാനാവാതെ പങ്കെടുക്കാൻ എത്തിയവർ തിരിച്ചുപോവുകയായിരുന്നു.

ഹോളി അക്രമത്തിൽ നോട്ടീസ് അയച്ച മൂന്നു പേർക്കും അക്രമത്തിൽ നേരിട്ട് പങ്കുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു. ഈ ശൈലിയിൽ പ്രവർത്തിക്കുന്ന 60 സദാചാര ഗുണ്ടകൾ പ്രത്യേക സ്ക്വാഡിന്റെ നിരീക്ഷണത്തിലാണെന്ന് അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Mangaluru Anti-Communal Squad Notice to Bajrang Dal Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.