ഭീകരർക്ക് ഭക്ഷണവും ഒളിത്താവളവും നൽകി സഹായിച്ചു; പൊലീസിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടിയ കശ്മീർ യുവാവ് മരിച്ചു

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാം ആക്രമണം നടത്തിയ ഭീകരർക്ക് ഭക്ഷണവും അഭയവും നൽകി സഹായിച്ചയാൾ സുരക്ഷാസേനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ നദിയിൽ മുങ്ങി മരിച്ചു. പ്രദേശവാസിയായ ഇംതിയാസ് അഹമദ് മാഗ്രേയ്(23)ആണ് മരിച്ചത്. ശനിയാഴ്ചയാണ് പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇംതിയാസിനെ ജമ്മുകശ്മീർ പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്. കുൽഗാമിലെ ടംഗൻമാർഗിലെ വനമേഖലയിലെ ഒളിവിൽ കഴിഞ്ഞ ഭീകരർക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിച്ചുനൽകിയതായി ഇംതിയാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

ഒളിയിടം കണ്ടെത്താനായി ഇംതിയാസുമായി ഇറങ്ങിത്തിരിച്ചതായിരുന്നു സേനാ സംഘം. ആ സമയത്താണ് ഇംതിയാസ് പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ഝലം നദിയുടെ പോഷകനദിയായ വേഷ് വയിലേക്ക് ചാടിയത്. നദിയിൽ ചാടി നീന്തി രക്ഷപ്പെടാമെന്നായിരുന്നു ഇംതിയാസിന്റെ കണക്കുകൂട്ടലെന്ന് സുരക്ഷേ സേന പറഞ്ഞു. എന്നാൽ നദിയിലെ ശക്തമായ ഒഴുക്കിൽ പെട്ട് യുവാവ് മുങ്ങിപ്പോവുകയായിരുന്നു.

ഇംതിയാസ് നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ സേന പകർത്തിയിട്ടുണ്ട്. നദിയിലേക്ക് ചാടി ഇയാൾ കുറച്ചു ദൂരം നീന്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കുൽഗാമിലെ അഹർബാൽ മേഖലയിലെ അദ്ബാൽ നീർച്ചാലിൽ നിന്നാണ് ഇംതിയാസിന്റെ മൃതദേഹം കണ്ടെടുത്തത്.

അതിനിടെ സംഭവത്തെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് സുരക്ഷ സേന ആവശ്യപ്പെട്ടു. ഇംതിയാസിന്റെ മരണത്തിൽ ഒരുതരത്തിലും പങ്കില്ലെന്നാണ് സുരക്ഷാസേന വ്യക്തമാക്കിയിട്ടുള്ളത്. ഇംതിയാസ് അഹ്മദിന്റെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്ത്‍വന്നിരുന്നു.

​''കുൽഗാമിലെ നദിയിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെടുത്തിരിക്കുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ഇത്. രണ്ട് ദിവസം മുമ്പ് ഇംതിയാസിനെ സൈന്യം കസ്റ്റഡിയിലെടുത്തിരുന്നുവെന്നും ഇപ്പോൾ ദുരൂഹമായി അദ്ദേഹത്തിന്റെ മൃതദേഹം നദിയിൽ പൊങ്ങിയിട്ടുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.''-എന്നായിരുന്നു മെഹബൂബ മുഫ്തി എക്സിൽ കുറിച്ചത്. ഇംതിയാസ് പൊലീസ് കസ്റ്റഡിയിൽ മരിച്ചതാണെന്നാരോപിച്ച് കുടുംബവും രംഗത്തുവന്നിട്ടുണ്ട്. ഇതാദ്യമായല്ല, പ്രദേശവാസികൾ ഭീകരർക്ക് സഹായം നൽകുന്ന സംഭവങ്ങൾ പുറത്തുവരുന്നത്.

Tags:    
News Summary - Man Who Allegedly Helped Terrorists In J&K Jumps Into River, Drowns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.