ജയ്പൂർ: പിതാവിനെ മകളും കാമുകനും ചേർന്ന് വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ കോട്ട ജില്ലയിൽ സർക്കാർ സ്‌കൂളിൽ അധ്യാപകനായ 47 കാരനായ രാജേന്ദ്ര മീണയാണ് മരിച്ചത്. ഡിഗോഡ് തഹസിലിന് സമീപത്തെ ബിസ്ലായ് ഗ്രാമത്തിൽ താമസിക്കുന്ന രാജേന്ദ്ര മീണയുടെ മകൾ ശിവാനി മീണ(19), കാമുകൻ അതുൽ മീണ (20), കൊലയാളി സംഘത്തിലെ ലളിത് മീണ (21), വിഷ്ണു ഭീൽ (21), വിജയ് മാലിയെ (21), ദേവേന്ദ്ര മീണ, പവൻ ഭീൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 25 നാണ് ക്രൂരകൃത്യം നടന്നത്. രാജേന്ദ്ര മീണ ബൈക്കിൽ പിതാവിന്‍റെ വീട്ടിലേക്ക് പോകുമ്പോൾ അക്രമി സംഘം വടിയും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് കോട്ട പൊലീസ് സൂപ്രണ്ട് (റൂറൽ) കവേന്ദ്ര സിങ് സാഗർ പറഞ്ഞു. അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങി.
മദ്യപാനിയും നിരവധി കടബാധ്യതകളും ഉള്ള പിതാവിനോട് ശിവാനിക്ക് വെറുപ്പായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. തുടർന്നാണ് കാമുകനുമായി ചേർന്ന് കൊലപാതക ഗൂഢാലോചന നടത്തി 50000 രൂപക്ക് ക്വട്ടേഷൻ നൽകിയത്. രാജേന്ദ്രന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അജ്ഞാതരായ അക്രമികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
പ്രതികളെ കണ്ടെത്താൻ ഡി.എസ്.പി രാകേഷ് മാലിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. അന്വേഷണത്തിൽ അധ്യാപകന് രണ്ട് ഭാര്യമാരുണ്ടെന്ന് കണ്ടെത്തി. ഭാരിച്ച കടബാധ്യതയുള്ള ഇയാൾ മദ്യത്തിന് അടിമയായിരുന്നെന്നും സുൽത്താൻപൂർ ടൗണിൽ ആദ്യ ഭാര്യക്ക് വേണ്ടി വാങ്ങിയ വീട് വിൽക്കാൻ ആഗ്രഹിച്ചിരുന്നതായും എസ്.പി കവേന്ദ്ര സിങ് സാഗർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.