ഇന്ത്യൻ റെയിൽവേയെ കുറിച്ച് നിരവധി പരാതികളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന് വരുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ബാത്റൂമിലെ വൃത്തിയില്ലായ്മയിലുമെല്ലാം റെയിൽവേയെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്താറുള്ളത്. ഇപ്പോൾ സെക്കൻഡ് എ.സി കോച്ചിലെ മോശം അവസ്ഥ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവാവ്.
പ്രശാന്ത് കുമാർ എന്ന യുവാവാണ് സൗത്ത് ബീഹാർ എക്സ്പ്രസിലെ മോശം അവസ്ഥ ചൂണ്ടിക്കാണിച്ച് പോസ്റ്റിട്ടത്. 2000 രൂപ നൽകിയാണ് അദ്ദേഹം ട്രെയിനിൽ ടിക്കറ്റ് എടുത്തതെങ്കിലും കോച്ചിനുള്ളിലെത്തിയപ്പോൾ സീറ്റിലും നിലത്തുമെല്ലാം എലികൾ ഓടുന്നതാണ് കണ്ടത്.
സെക്കൻഡ് എ.സി കോച്ചായ എ-1ലാണ് അദ്ദേഹമുണ്ടായിരുന്നത്. ഉടൻ തന്നെ സഹായത്തിനായി റെയിൽവേയെ ബന്ധപ്പെട്ടുവെങ്കിലും അവർ പാറ്റ ശല്യം കുറക്കാൻ ഉപയോഗിക്കുന്ന സ്പ്രേ കോച്ചിൽ മുഴുവൻ അടിക്കുകയാണ് ചെയ്തതെന്നും റെഡ്ഡിറ്റിലെ പോസ്റ്റിൽ യുവാവ് ചൂണ്ടിക്കാണിക്കുന്നു. പാറ്റക്ക് അടിക്കുന്ന സ്പ്രേ അടിച്ചതോടെ ട്രെയിനിലെ യാത്ര കൂടുതൽ ദുഷ്‍കരമായെന്നും യുവാവ് വ്യക്തമാക്കി.
പ്രശ്നം ചൂണ്ടിക്കാട്ടി റെയിൽവേയുടെ ഹെൽപ്പ് ലൈൻ നമ്പറായ 139ൽ വീണ്ടും പരാതി നൽകി. ഇക്കുറി കൊതുകിന് അടിക്കുന്ന സ്പ്രേയാണ് റെയിൽവേ കോച്ചിൽ അടിച്ചതെന്നും യുവാവ് പോസ്റ്റിൽ പറയുന്നു. ഇതിനൊപ്പം ലൈസോളിട്ട് തറ തുടക്കുകയും ചെയ്തുവെന്നും യുവാവ് വ്യക്തമാക്കി. യുവാവിന്റെ പോസ്റ്റ് പുറത്ത് വന്നതോടെ ഇന്ത്യൻ റെയിൽവേയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.