ദളിത് യുവാവിനെ ബ്രാഹ്മണന്റെ കാലുകഴുകിച്ച് വെള്ളം കുടിപ്പിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു, ‘ശിക്ഷ’ വൈറലായതിന് പിന്നാലെ കേസെടുത്ത് അധികൃതർ

ദാമോ (മധ്യപ്രദേശ്): സമൂഹമാധ്യമത്തിൽ എ.ഐ നിർമിത ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ട് ദളിത് യുവാവിനെ ബ്രാഹ്മണൻറെ കാല് കഴുകിച്ച് അതേ വെള്ളം കുടിപ്പിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ബന്ധപ്പെട്ടവരെ പ്രതികളാക്കി അധികൃതർ കേസെടുത്തു.

പുരുഷോത്തം കുശ്‍വാഹ എന്ന ദളിത് യുവാവിനാണ് ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ഇയാൾ സമീപ ഗ്രാമത്തിലെ അന്നു പാണ്ഡേ എന്ന ബ്രാഹ്മണൻ കഴുത്തി​ൽ ചെരുപ്പുമാല ധരിച്ച് നിൽക്കുന്ന ചിത്രം എ.ഐ ഉപയോഗിച്ച് നിർമിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് വൈറലായതിന് പിന്നാലെ ഗ്രാമീണർക്കിടയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ, പോസ്റ്റ് നീക്കിയ കുശ്‍വാഹ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ, ബ്രാഹ്മണരുടെ നേതൃത്വത്തിൽ ഒരുവിഭാഗം ഖാപ് പഞ്ചായത്ത് കൂടണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഗ്രാമാധ്യക്ഷൻമാരുടെ നേതൃത്വത്തിൽ ചേർന്ന പഞ്ചായത്തിൽ കുശ്‍വാഹ ബ്രാഹ്മണ യുവാവിൻറെ കാൽ കഴുകണമെന്നും ആ വെള്ളം കുടിച്ച് മാപ്പപേക്ഷിക്കണ​മെന്നും ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പുറമെ യുവാവ് 5100 രൂപ പിഴയുമടക്കണമെന്നും പഞ്ചായത്ത് നിർദേശിച്ചു.

തുടർന്ന്, കുശ്‍വാഹ ശിക്ഷക്ക് വിധേയനാവുന്നതിൻറെ ദൃശ്യങ്ങൾ ചിത്രീകരിച്ച് എതിർവിഭാഗം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി ദാമോ കലക്ടർ സുധിർ കുമാർ ​കൊച്ചർ പറഞ്ഞു. യുവാവ് ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും ദാമോ എസ്.പി ശ്രുത് കീർത്തി സോംവൻഷിയും വ്യക്തമാക്കി.

ഇതിനിടെ, സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. മനുഷ്യത്വത്തിന് ഏറ്റ കളങ്ക​മാണ് സംഭവമെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് എല്ലാ കുറ്റകൃത്യങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു.

‘ഭരണഘടന രാജ്യത്തെ എല്ലാ പൗരനും തുല്യ അവകാശം നൽകിയിട്ടുണ്ട്. ദളിതൻമാർക്കും പിന്നോക്കക്കാർക്കുമെതിരെയുള്ള ഇത്തരം സംഭവങ്ങൾ രാജ്യത്തിനും സമൂഹത്തിനും നാണക്കേടാണ്. കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. അംബേദ്കർ വിഭാവനം ​ചെയ്ത ഭരണഘടനയിലാണ്, ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും മനുവാദത്തിലല്ല രാജ്യം പ്രവർത്തിക്കേണ്ടത്,’-കോൺഗ്രസ് എക്സിൽ കുറിച്ചു.

കോൺഗ്രസ് എല്ലാ കുറ്റകൃത്യങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ബി.ജെ.പി സമൂഹമാധ്യമ മേധാവി ആഷിഷ് അഗർവാൾ പറഞ്ഞു. സർക്കാർ സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും ആഷിഷ് അഗർവാൾ പറഞ്ഞു. 

Tags:    
News Summary - Man forced to wash another's feet, drink that water over Instagram post in MP, video goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.