മമത ബാനർജി
കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ (TMC) അമ്പരിപ്പിച്ച് ബി.ജെ.പിയുടെ വൻ മുന്നേറ്റം. ആദ്യഘട്ട സൂചനകളിൽ ബി.ജെ.പി കേവല ഭൂരിപക്ഷം മറികടന്ന് 180ലധികം സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. എന്നാൽ, തുടക്കത്തിലെ ഈ ട്രെൻഡുകളിൽ തളരരുതെന്നും അന്തിമ വിജയം തൃണമൂലിനായിരിക്കുമെന്നും മുഖ്യമന്ത്രി മമത ബാനർജി വിഡിയോ സന്ദേശത്തിലൂടെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ഒരു കാരണവശാലും ഏജന്റുമാർ പുറത്തുപോകരുതെന്ന് മമത കർശന നിർദേശം നൽകി. ‘രണ്ടോ മൂന്നോ റൗണ്ട് വോട്ടെണ്ണൽ മാത്രമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇനിയും 15ലധികം റൗണ്ടുകൾ ബാക്കിയുണ്ട്. അതുകൊണ്ട് ഇപ്പോൾ നിരാശപ്പെടേണ്ട കാര്യമില്ല’ മമത പറഞ്ഞു. സൂര്യാസ്തമയത്തിന് ശേഷം ചിത്രം മാറുമെന്നും തൃണമൂൽ വിജയിക്കുമെന്നും അവർ അവകാശപ്പെട്ടു. ആരും പേടിക്കേണ്ടതില്ലെന്നും മമത കൂട്ടിച്ചേർത്തു.
വോട്ടെണ്ണലിൽ അട്ടിമറി നടക്കുന്നുണ്ടെന്നും ബി.ജെ.പിയെ ആദ്യം മുന്നിലെത്തിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു. കല്യാണി ഉൾപ്പെടെയുള്ള പലയിടങ്ങളിലും മെഷീനുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും പലയിടത്തും വോട്ടെണ്ണൽ തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും മമത ആരോപിച്ചു. കേന്ദ്രസേനയും പൊലീസും തെരഞ്ഞെടുപ്പ് കമീഷന്റെ താല്പര്യത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ടി.എം.സി 100ലധികം സീറ്റുകളിൽ മുന്നിലാണെന്നും എന്നാൽ അത് റിപ്പോർട്ട് ചെയ്യുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.
അത്ര അസ്വസ്ഥരാകരുതെന്ന് നമ്മുടെ എല്ലാ കൗണ്ടിങ് ഏജന്റുമാരോടും പാർട്ടി പ്രവർത്തകരോടും ഞാൻ പറയുന്നു. സൂര്യാസ്തമയത്തിനു ശേഷം നിങ്ങൾ വിജയിക്കും. മൂന്നോ നാലോ റൗണ്ടുകൾ എണ്ണിയാലും ആകെ 14-18 റൗണ്ടുകൾ ഉണ്ട്. അപ്പോൾ നിങ്ങൾ വിജയിക്കും. കാത്തിരുന്ന് കാണുക. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. ഭയപ്പെടേണ്ട. കടുവയുടെ കുഞ്ഞുങ്ങളെപ്പോലെ നമ്മൾ പോരാടും മമത പറഞ്ഞു.
മമത ബാനർജി മത്സരിക്കുന്ന സ്വന്തം തട്ടകമായ ഭവാനിപ്പൂരിലും തിരിച്ചടി നേരിടുന്നു എന്നതാണ് ശ്രദ്ധേയം. രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ ബി.ജെ.പി സ്ഥാനാർഥി സുവേന്ദു അധികാരിയേക്കാൾ പിന്നിലാണ് മമത. ഇത് തൃണമൂൽ ക്യാമ്പുകളിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ബംഗാൾ ഭരിക്കുന്ന തൃണമൂലിന് ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി അതിശക്തമാണ്. നിലവിൽ ബി.ജെ.പി 180ഓളം സീറ്റുകളിൽ മുന്നേറുമ്പോൾ തൃണമൂൽ 90 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബംഗാളിലെ രാഷ്ട്രീയ ഭൂപടത്തിൽ വലിയൊരു മാറ്റമുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.