'മമത ഞങ്ങളുടെ പരമോന്നത നേതാവാണ്, വെറുമൊരു ഉപദേഷ്ടാവ് മാത്രമല്ല'; വിമത ടി.എം.സി ക്യാമ്പിൽ ഭിന്നത രൂക്ഷം

കൊൽക്കത്ത: പശ്ചിമ ബംഗാൾ സഭയിൽ പ്രതിപക്ഷകക്ഷിയായ ടി.എം.സി വിമത ക്യാമ്പിൽ ഭിന്നത രൂക്ഷം. 58 അംഗ തൃണമൂൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ തള്ളിപ്പറഞ്ഞ് ഒരു ദിവസത്തിന് ശേഷം, വിമത നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിളിച്ച യോഗത്തിലാണ് അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നത്. മുൻമുഖ്യമന്ത്രി മമത ബാനർജി പരമോന്നത നേതാവായി തുടരണമെന്നും അവരെ വെറും ഉപദേഷ്ടാവായി ചുരുക്കിയാൽ ബ്ലോക്കിലെ തങ്ങളുടെ തീരുമാനം പുനപ്പരിശോധിക്കുമെന്നും നിരവധി അംഗങ്ങൾ മുന്നറിയിപ്പ് നൽകി. നാടകീയമായ നീക്കത്തിലൂടെ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു യോഗം. 

മമത ബാനർജി പാർട്ടി നിയമസഭാ കക്ഷിയുടെ "മുഖ്യ ഉപദേഷ്ടാവ്" ആയിരിക്കുമെന്ന ഋതബ്രത ബാനർജിയുടെ പ്രസ്താവനയാണ് അസ്വസ്ഥതക്ക കാരണമായത്. ഇതിനെതിരെ പല വിമത എം.എൽ.എമാരും രംഗത്തെത്തുകയായിരുന്നു. "മമത ബാനർജിയെ പരമോന്നത നേതാവായി അംഗീകരിക്കുന്നില്ലെങ്കിൽ, ഈ ബ്ലോക്കിൽ തുടരണോ വേണ്ടയോ എന്ന് നമ്മൾ ചിന്തിക്കേണ്ടിവരും," പഞ്ചല നിയമസഭാംഗം പറഞ്ഞു.

മമതയോടു കൂറ് പുലർത്തുമ്പോഴും അഭിഷേകിനോടുള്ള എതിർപ്പാണ് ഇവരെ വിമത ക്യാമ്പിലെത്തിച്ചതെന്നാണ് ഇവരുടെ വാദം. ടി.എം.സി നേതൃത്വത്തെയല്ല, നിയമസഭാ പാർട്ടിയുടെ പ്രവർത്തനത്തിൽ അഭിഷേകിന്റെ സ്വാധീനത്തെയാണ് തങ്ങൾ എതിർക്കുന്നത് എന്ന് ഇവർ പറയുന്നു. അഭിഷേക് ബാനർജിയെ എതിർക്കുമ്പോൾ തന്നെ മമതക്കായി ഈ വിഭാഗം ശക്തമായി വാദിക്കുകയും ചെയ്തു.സീതായ്യിൽ നിന്നുള്ള മറ്റൊരു വിമത നിയമസഭാംഗമായ സംഗീത റോയ് ബസുനിയയും ഇതേ അഭിപ്രായവുമായി രംഗത്തെത്തി."മമത ബാനർജി ഞങ്ങളുടെ പരമോന്നത നേതാവാണ്, അങ്ങനെ തന്നെ തുടരും. അവർക്ക് ഒരു ഉപദേഷ്ടാവാകാൻ കഴിയില്ല. അവർ ഞങ്ങളുടെ നേതാവാണ്," ബസുനിയ പറഞ്ഞു.

ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ ദിവസം നിയമസഭാ സ്പീക്കർ അംഗീകാരം നൽകിയിരുന്നു.28 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂലിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരുന്നു. പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനർജിയെ പിന്തുണച്ച് നിരവധി എം.എൽ.എമാർ രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി കൂടുതൽ വഷളായത്. പാർട്ടി നിർദേശിച്ച അഭിഷേക് ബാനർജിയെ തള്ളി വിമതർ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് സംസ്ഥാന തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ മമതക്ക് ഇരുട്ടടിയായിരുന്നു.  ഇതിനിടെയാണ് വിമത കാമ്പിലും അഭിപ്രായ ഭിന്നത പരസ്യമായത്.

തൃണമൂൽ കോൺഗ്രസിലെ വിമത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി എം.പി മഹുവ മൊയ്ത്രയും രംഗത്തെത്തി. മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വവും ജനപ്രീതിയും ആശ്രയിച്ചാണ് ഇവർ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് ബി.ജെ.പിയെ നേരിടാൻ കഴിയാത്ത പൂർണമായും ഉപയോഗശൂന്യരായ നേതാക്കളാണ് വിമതരെന്നും മഹുവ പറഞ്ഞു. ബി.ജെ.പിയാണ് വിഭജനത്തിന് പിന്നിലെന്നും അവർ ആരോപിച്ചു.

നിയമസഭാംഗങ്ങളെ പിളർത്താനുള്ള ഓപ്പറേഷൻ ബി.ജെ.പി ആസൂത്രണം ചെയ്തു. മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായ നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഓരോ എം.എൽ.എമാരുടെയും ബലഹീനതകൾ അറിയാമെന്നും അവരെ വ്യക്തിപരമായി ലക്ഷ്യംവെച്ചുവെന്നും മഹുവ ആരോപിച്ചു. കൂറുമാറിയവരിൽ പലരും അധികാരത്തിൽ തുടരാൻ ശീലിച്ചുപോയെന്നും ഇനി പ്രതിപക്ഷ പാർട്ടിയായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മഹുവ മൊയ്ത്ര പറഞ്ഞു.മമത ബാനർജിക്ക് പകരം ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെയാണ് തങ്ങളുടെ കലാപം എന്ന വിമത ക്യാമ്പിന്റെ വാദത്തെയും മഹുവ തള്ളി.

Tags:    
News Summary - 'Mamata not merely an adviser': Dissent grows in rebel TMC camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.