ക്രിക്കറ്റ് ടീമിനും മെട്രോ സ്റ്റേഷനും കാവി നിറം; രാജ്യം ഒരു പാർട്ടിയിലെ മാത്രം ജനതക്ക് അവകാശപ്പെട്ടതല്ല - മമത ബാനർജി

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളെ കാവി വത്ക്കരിക്കാൻ ബി.ജെ.പി സർക്കാർ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ക്രിക്കറ്റ് ടീമിനൻറെ പ്രാക്ടീസ് ജേഴ്സിയുടെ നിറം കാവിയാക്കിയതിന് പിന്നാലെയാണ് മമതയുടെ പരാമർശം.

രാജ്യത്തിന്‍റെ ക്രിക്കറ്റ് ടീമിന് മാത്രമല്ല, മെട്രോ സ്റ്റേഷനുകൾക്കും കേന്ദ്രസർക്കാർ കാവി നിറം നൽകി കഴിഞ്ഞു. രാജ്യത്തിനാകെ കാവി നിറം നൽകാനാണ് അവർ ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

"ബി.ജെ.പി ഈ രാജ്യത്തിനാകെ കാവി നിറം നൽകാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനമുണ്ട്. അവർ ലോകകപ്പ് കീഴടക്കുമെന്ന വിശ്വാസവുമുണ്ട്. എന്നാൽ ബി.ജെ.പി അവർക്ക് കാവി നിറം നൽകുകയാണ്. നമ്മുടെ കളിക്കാർ ഇന്ന് കാവി നിറത്തിലുള്ള ജേഴ്സിയണിഞ്ഞാണ് പ്രാക്ടീസ് ചെയ്യുന്നത്. മെട്രോ സ്റ്റേഷനുകൾക്കും ബി.ജെ.പി കാവി നിറം നൽകുകയാണ്. ഇത് അംഗീകരിക്കാനാകില്ല. അവർ പ്രതിമകൾ സ്ഥാപിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ അവർ എല്ലാം കാവി വത്ക്കരിക്കുകയാണ്. പണ്ട് മായാവതി സ്വന്തം പ്രതിമ സ്ഥാപിച്ചതിനെ കുറിച്ച് കേട്ടിരുന്നു. ഇത്തരം നാടകങ്ങൾ എപ്പോഴും ഗുണം ചെയ്യണമെന്നില്ല. അധികാരം വരാം, നഷ്ടപെടാം "- മുഖ്യമന്ത്രി വ്യക്കതമാക്കി.

രാജ്യം ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഏതെങ്കിലും ഒരു പാർട്ടിയിലെ ജനതക്ക് അധികാരപ്പെട്ടതല്ലെന്നും അവർ കൂട്ടിച്ചേർത്തു.

മമതയുടെ പരാമർശത്തിന് പിന്നാലെ വിമർശനവുമായി ബി.ജെ.പി നേതാവ് രാഹുൽ സിൻഹ രംഗത്തെത്തിയിരുന്നു. മമതയുടെ പരാമർശം പ്രതികാരാത്മക സമീപനത്തിന്‍റെ പ്രതിഫലനമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കേണ്ട ആവശ്യം പോലുമില്ല. കുറച്ച് ദിവസം കഴിഞ്ഞാൽ ദേശീയ പതാകയിൽ എന്തിനാണ് കാവി നിറം എന്ന് വരം ഇവർ ചോദിക്കുമെന്നും സിൻഹ പറഞ്ഞു.

സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് തടഞ്ഞുവെക്കുന്ന കേന്ദ്ര നടപടിയെകുറിച്ചും മമത ബാനർജി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബി.ജെ.പിക്ക് പത്രങ്ങളിലെ മുൻപേജ് പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കാൻ പ്രയാസമില്ലെന്നും സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് നൽകുന്നതിന് മാത്രമാണ് തടസമെന്നും മമത പറഞ്ഞു. 

Tags:    
News Summary - Mamata Banerjee slams BJP led central govt, says it is trying to saffronise the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.