'ഇങ്ങനെയല്ല ജനാധിപത്യം പ്രവർത്തിക്കേണ്ടത്'; പ്രതിപക്ഷ യോഗങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ബി.ജെ.പി.ക്കെതിരെ മമത ബാനർജി
കൊൽക്കത്ത: ഹുഗ്ലി ജില്ലയിലെ ശ്രീറാംപൂരിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഭരണകൂടത്തിന്റെയും ബി.ജെ.പി.യുടെയും നടപടികൾക്കെതിരെ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ജനങ്ങളുടെ യഥാർത്ഥ പിന്തുണയോടെയാണ് അധികാരത്തിലെത്തിയതെങ്കിൽ പ്രതിപക്ഷ കക്ഷികൾ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനെ ഭരണകക്ഷി എന്തിനാണ് ഭയക്കുന്നതെന്ന് അവർ ചോദിച്ചു. ജനങ്ങളോട് സംസാരിക്കുന്നതിൽ നിന്നും യോഗങ്ങൾ നടത്തുന്നതിൽ നിന്നും മറ്റു രാഷ്ട്രീയ പാർട്ടികളെ തടയുന്ന നിലപാട് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അനീതികൾക്കെതിരെ ജനങ്ങൾ വൈകാതെ പ്രതികരിക്കുമെന്നും അവർ ഓർമ്മിപ്പിച്ചു.
പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ആളുകളെ പൊലീസ് ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് മമത ആരോപിച്ചു. ഇതിനൊപ്പം വോട്ടർ പട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്ത വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും അവർ കടുത്ത വിമർശനമുന്നയിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ വാനിഷ് കുമാർ എന്ന് വിശേഷിപ്പിച്ച അവർ സീമ ഖന്ന ഉൾപ്പെടെ ഈ പ്രക്രിയയിൽ പങ്കാളികളായ എല്ലാവരും ജനങ്ങളോട് മറുപടി പറയാൻ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി.
രാജ്യ തലസ്ഥാനത്ത് സെപ്റ്റംബർ 30-ന് നടക്കാനിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ താൻ നേരിട്ട് പങ്കെടുക്കുമെന്ന് മമത ബാനർജി സ്ഥിരീകരിച്ചു. അധികാരത്തിൽ ഇരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രമാണോ പ്രതിപക്ഷ പാർട്ടികൾക്ക് യോഗങ്ങൾ നടത്താൻ അനുമതി നൽകേണ്ടതെന്ന് ചോദ്യമുന്നയിച്ച അവർ വരും ദിവസങ്ങളിൽ പ്രതിപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.