ശൗചാലയത്തിൽ രാസവസ്തു ചോർച്ച; വിഷപ്പുക ശ്വസിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മുംബൈ: നഗരത്തിലെ പൊതുശൗചാലയത്തിൽ വിഷവാതകം ശ്വസിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മുംബൈനഗരത്തിലെ റാം മന്ദിർ ഈസ്റ്റ് ഏരിയയിലെ ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ ശൗചാലയത്തിലാണ് ഞായറാഴ്ച പുലർച്ചെ അപകടമുണ്ടായത്. പ്രഭാകർ ധനിവർ (24), ഭവിൻ ദേശായി (18) എന്നിവരാണ് വിഷപ്പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

മൃണാൾതായ് പാലത്തിന് സമീപം പാഴ്സി പഞ്ചായത്ത് ഗേറ്റിനടുത്തുള്ള ശൗചാലയത്തിൽ നിന്നും അതിശക്തമായ രാസവസ്തുക്കളുടെ ഗന്ധം ഉയർന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് ശൗചാലയത്തിനുള്ളിൽ പ്രവേശിച്ച യുവാക്കൾക്ക് കടുത്ത ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. അബോധാവസ്ഥയിലായ ഇരുവരെയും ഉടൻ തന്നെ സമീപത്തെ നഗരസഭാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3:45-ഓടെ മരണം സംഭവിക്കുകയായിരുന്നു.

തുടർന്ന്, മുംബൈ ഫയർ ബ്രിഗേഡ്, പ്രാദേശിക പൊലീസ്, 108 ആംബുലൻസ് സർവീസുകൾ, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (MPCB) ഉദ്യോഗസ്ഥർ, ബി.എം.സി വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു.

പൊതുശൗചാലയത്തിൽ ഉണ്ടായ രാസവസ്തു ചോർച്ചയുടെ കൃത്യമായ ഉറവിടമോ ഏതുതരം കെമിക്കൽ ആണെന്നതോ നിലവിൽ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചു. രാസമാലിന്യങ്ങൾ അശാസ്ത്രീയമായി തള്ളിയതാണോ അപകടകാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചു വരികയാണ്.

Tags:    
News Summary - Chemical Leak Kills Two in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.