'ഗ്യാനേഷ് കുമാർ അഴിമതിവീരൻ, ഉടൻ അറസ്റ്റ് ചെയ്യണം'; മോദി ജയിച്ച വാരണാസി ലോക്സഭാ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് അജയ് റായ്
ലഖ്‌നോ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് രംഗത്ത്. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും, പ്രധാമന്ത്രി നരേന്ദ്ര മോദി വിജയിച്ച വാരണാസി ലോക്സഭാ മണ്ഡലത്തിലെ ഫലം റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗ്രയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കോൺഗ്രസ് നേതാവിന്റെ പരാമർശം. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ കടുത്ത വിമർശനം. ഗ്യാനേഷ് കുമാർ അഴിമതിക്കാരനും സത്യസന്ധതയില്ലാത്ത ഉദ്യോഗസ്ഥനുമാണെന്ന് അജയ് റായ് കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിജയത്തിനായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനിന്നുവെന്നും, വ്യാജമായി വോട്ടുകൾ ചോർത്തിയാണ് സർക്കാർ രൂപീകരണത്തിന് കളമൊരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ കാലയളവിൽ വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് റദ്ദാക്കി പുനഃസംഘടിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസി മണ്ഡലത്തിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച അജയ് റായ് 1,52,513 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ വിയോജിപ്പുകൾ അവഗണിച്ച് ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
അതേസമയം, കമ്മീഷനിലെ വ്യത്യസ്ത അഭിപ്രായങ്ങളും ചർച്ചകളും സ്ഥാപനപരമായ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും എല്ലാ ഉത്തരവുകൾക്കും നിയമപരമായ സാധുതയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.