മാഗി പാക്കറ്റിൽ പുഴുക്കളും പ്രാണികളും; വിഡിയോ വൈറലായതോടെ പ്രതികരണവുമായി നെസ്‌ലെ

മുംബൈ: പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാന്റായ നെസ്‌ലെ മാഗിയുടെ നൂഡിൽസ് പാക്കറ്റിൽ പുഴുക്കളെയും പ്രാണികളെയും കണ്ടെത്തിയതായി പരാതി. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവത്തിൽ കമ്പനി പ്രതികരിച്ചു. മുംബൈയിലെ കല്യാൺ സ്വദേശിയായ ഉപഭോക്താവാണ് പാകം ചെയ്യുന്നതിനായി തുറന്ന മാഗി പാക്കറ്റിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. 2027 ഫെബ്രുവരി വരെ കാലാവധി ഉണ്ടായിരുന്ന പാക്കറ്റിൽ നിന്നാണ് പുഴുക്കളെ കിട്ടിയത്.

എന്നാൽ, മാധ്യമ വാർത്തകളിലൂടെയാണ് തങ്ങൾ ഈ വിവരമറിഞ്ഞതെന്നും, ഇതുവരെ പരാതിക്കാരനായ ഉപഭോക്താവോ ഭക്ഷ്യസുരക്ഷാ അധികാരികളോ തങ്ങളെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും കമ്പനി മറുപടി നൽകി. അതിനാൽ പ്രചരിക്കുന്ന വാർത്തകളുടെ ആധികാരികതയെക്കുറിച്ച് വ്യക്തമല്ലാത്തതിനാൽ സംഭവത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി. ഉൽപ്പാദന ശാലകളിൽ അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം മുതൽ പാക്കിങ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗുണനിലവാര പരിശോധനകളും ഭക്ഷ്യസുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഉത്പന്നങ്ങൾ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നെസ്‌ലെ കൂട്ടിച്ചേർത്തു.

അതേസമയം വിപണിയിലുള്ള മാഗിയുടെ വിവിധ ബാച്ചുകളിലെ സാമ്പിളുകൾ ശേഖരിച്ച് അടിയന്തരമായി ലബോറട്ടറി പരിശോധനക്ക് വിധേയമാക്കണമെന്ന് ഉപഭോക്തൃ സംഘടനകൾ ആവശ്യപ്പെട്ടു. സൂപ്പർമാർക്കറ്റുകളിലെയും കടകളിലെയും അശാസ്ത്രീയമായ സംഭരണ രീതികളാണോ അതോ ഉൽപ്പാദന ഘട്ടത്തിലെ പിഴവാണോ ഇതിന് കാരണമെന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Tags:    
News Summary - Worms Found In Maggi Packet, Nestle Responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.