ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള വസതിയിൽ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തുന്ന എം.എ. ബേബി



മാസപ്പടിയിൽ പിണറായിയെ പ്രതിരോധിക്കാൻ സിപിഎം; കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി

ന്യൂഡൽഹി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കുരുക്ക് മുറുക്കുന്നതിനിടെ ദേശീയ പ്രതിപക്ഷ നേതാക്കളെ രംഗത്തിറക്കി പ്രതിരോധിക്കാൻ പാർട്ടി.

ഇതിന്‍റെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി, ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പിണറായിയെ ലക്ഷ്യമിട്ട് ഇ.ഡി നടത്തുന്ന നിയമവിരുദ്ധ നടപടികൾ, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ഏകാധിപത്യപരമായ പ്രവർത്തനരീതി വെളിപ്പെടുത്തുന്ന 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ടിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ എന്നിവ ചർച്ച ചെയ്തെന്ന് പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയ എം.എ. ബേബി, ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിന് യോജിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കി.

കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗത്തിനും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾക്കുമെതിരെ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗങ്ങളിൽ പങ്കെടുക്കാൻ അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചു. ന്യൂസ് ക്ലിക്കിനെതിരായ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രബീർ പുര്‍കായസ്തയേയും ക്ഷണിച്ചിട്ടുണ്ട്. 2024ൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ കേന്ദ്ര സർക്കാറിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ കെജ്‌രിവാളടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു.

മാസപ്പടി, ഹവാല ഇടപാട് സംബന്ധിച്ച ഇ.ഡി കത്തിൽ സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്താനായി എസ്.ഐ.ടി രൂപവത്കരിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലി എന്ന നിലക്കാണ് സി.എം.ആർ.എൽ പിണറായിയുടെ മകൾ ടി.വീണക്ക് മൂന്ന് കോടിയിലേറെ രൂപ നൽകിയത്. അതിന് പുറമെ വീണയും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. ഗുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേർന്ന് 25 കോടിയോളം രൂപയുടെ ഹവാല പണമിടപാട് നടത്തിയെന്നുമാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാൽ നിലവിൽ കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിനുള്ള നിർദേശം. അതിനാൽ പ്രാഥമികാന്വേഷണം പ്രത്യേകസംഘം രജിസ്റ്റർ ചെയ്യില്ല. ബി.എൻ.എസ് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകണം. ആ സാഹചര്യം ഒഴിവാക്കാനാണ് കേസ് രജിസ്റ്റർ ചെയ്യാതെ അന്വേഷണം നടത്തുന്നത്.

Tags:    
News Summary - CPM to shield Pinarayi in masapadi controversy; M.A. Baby holds talks with Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.