കപിൽ സിബൽ

സമീപകാല തെരഞ്ഞെടുപ്പുകൾ റദ്ദാക്കാൻ സുപ്രീംകോടതി സ്വമേധയാ ഇടപെടണം; കപിൽ സിബൽ

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനരവലോകനവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് ആരോപിച്ച് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ രംഗത്ത്. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും കഴിഞ്ഞ പത്ത് മാസത്തിനിടെ രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളും റദ്ദാക്കാൻ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കപിൽ സിബൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. കമീഷൻ യോഗങ്ങൾക്ക് യാതൊരു അജണ്ടയും മുൻകൂട്ടി നൽകാതെയും മിനിറ്റ്സ് രേഖപ്പെടുത്താതെയും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരെ പൂർണമായി ഇരുട്ടിൽ നിർത്തിയാണ് ഗ്യാനേഷ് കുമാർ തീരുമാനങ്ങൾ നടപ്പിലാക്കിയത്. കഴിഞ്ഞ പത്ത് മാസമായി കമീഷനിൽ ഏകകണ്ഠമായല്ല തീരുമാനങ്ങൾ എടുത്തതെന്ന് ശനിയാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ വിശദീകരണത്തിൽ തന്നെ വ്യക്തമാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. 2025 ജൂണിലെ ബിഹാർ തെരഞ്ഞെടുപ്പ് മുതൽ 2026 ഏപ്രിലിലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് വരെയുള്ള കാലയളവിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പ് പ്രക്രിയകളും നിയമാനുസൃത ചട്ടങ്ങൾ ലംഘിച്ചുള്ളതാണെന്നും അതിനാൽ അവ നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഗ്യാനേഷ് കുമാറിന് ക്രിമിനൽ നടപടികളിൽ നിന്ന് നിയമപരമായ പരിരക്ഷയുണ്ടെങ്കിലും, ചട്ടങ്ങൾ കാറ്റിൽപ്പറത്തി 'ഇസിഐ-നെറ്റ്' പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഡയറക്ടർ ജനറൽ സീമ ഖന്നയ്ക്ക് അത്തരം പരിരക്ഷകളില്ലെന്ന് സിബൽ ഓർമിപ്പിച്ചു. അതിനാൽ സീമ ഖന്നയ്ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഉടനടി അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നിയമപരമായ അധികാരങ്ങളെ മറികടന്ന്, വോട്ടർമാരെ കൂട്ടിച്ചേർക്കാനും വെട്ടിനിരത്താനുമുള്ള തീരുമാനങ്ങൾ ഇസിഐ-നെറ്റ് വഴി ഡൽഹിയിലെ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റിയത് ഇവരുടെ മേൽനോട്ടത്തിലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോം 6-ൽ മാതാപിതാക്കളുടെ വിവരങ്ങൾ ആവശ്യപ്പെടുന്ന അധിക ഡിക്ലറേഷൻ കേന്ദ്ര സർക്കാരിന്റെ മുൻകൂർ വിജ്ഞാപനമില്ലാതെ നടപ്പിലാക്കിയതും കടുത്ത നിയമലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമീഷന്റെ ആഭ്യന്തര ഫയലുകൾ, രണ്ട് കമീഷണർമാർ 14 തവണ രേഖപ്പെടുത്തിയ വിയോജിപ്പ് കുറിപ്പുകൾ, ഏകപക്ഷീയമായ ഉത്തരവുകൾ എന്നിവ വിളിച്ചുവരുത്തി സുപ്രീം കോടതി സമഗ്രമായ പരിശോധന നടത്തണമെന്നും സമീപകാല തെരഞ്ഞെടുപ്പുകൾ റദ്ദാക്കുന്നത് കോടതി പരിഗണിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.

Tags:    
News Summary - ‘Annul Recent Polls, Arrest Seema Khanna’: Kapil Sibal Targets CEC Gyanesh Kumar Over SIR Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.