സുവേന്ദു അധികാരി

ബംഗാളിലെ എസ്ഐആറിൽ നിന്ന് 27 ലക്ഷം പേരെ ഒഴിവാക്കിയതിന് പിന്നിൽ ബിജെപിയോ തെരഞ്ഞെടുപ്പ് കമീഷനോ അല്ല, മമത സർക്കാറാണ് -സുവേന്ദു അധികാരി

കൊൽക്കത്ത: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. കേരളത്തിൽ എസ്.ഐ.ആറിനെ അനുകൂലിക്കുന്ന കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബംഗാളിൽ അതിനെ എതിർക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊൽക്കത്തയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സുവേന്ദു അധികാരി തൃണമൂലിനെതിരെയും കോൺഗ്രസിനെതിരെയും വിമർശങ്ങൾ ഉന്നയിച്ചത്.

കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് കോൺഗ്രസ് അവിടുത്തെ എസ്.ഐ.ആറിനെ പിന്തുണക്കുന്നു. എന്നാൽ, ബംഗാളിൽ തങ്ങളും സഖ്യകക്ഷികളും പരാജയപ്പെട്ടതുകൊണ്ട് കോൺഗ്രസും പ്രതിപക്ഷവും അതിനെ എതിർക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കേരളത്തിൽ എസ്.ഐ.ആർ നല്ലതാണെങ്കിൽ ബംഗാളിൽ എന്തുകൊണ്ട് മോശമാകുന്നു?'സുവേന്ദു ചോദിച്ചു.

ബംഗാളിലെ എസ്.ഐ.ആർ നടപടികളിൽ 27 ലക്ഷം പേരുകൾ ഒഴിവാക്കപ്പെട്ടതിന് കാരണം ബിജെപിയോ തെരഞ്ഞെടുപ്പ് കമീഷനോ അല്ല, മറിച്ച് മുൻ മുഖ്യമന്ത്രി മമത ബാനർജിയാണ്. സുപ്രീംകോടതി നിർദ്ദേശപ്രകാരം, കോടതി ഉത്തരവിലൂടെയാണ് എസ്.ഐ.ആർ നടപടികൾ ഉണ്ടായതെന്നും സുവേന്ദു അധികാരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയപ്പോൾ തൃണമൂൽ കോൺഗ്രസും സഖ്യകക്ഷികളും പിന്നിലായി. ഈ ജനവിധി അംഗീകരിക്കാൻ മമത ബാനർജിക്ക് ഇപ്പോഴും കഴിയുന്നില്ല. സൈബാരി, നന്ദിഗ്രാം തുടങ്ങിയ മണ്ഡലങ്ങളിലെ രാഷ്ട്രീയ ഹിംസകൾക്ക് ഉത്തരവാദികളായ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും ഇന്ന് ഒരേ സ്വരത്തിൽ സംസാരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മമത ബാനർജിയും എം.എ. ബേബിയും തമ്മിലുള്ള ഫോൺ സംഭാഷണവും പ്രതിപക്ഷ ഐക്യവും

തെരഞ്ഞെടുപ്പ് കമീഷന്റെ എസ്.ഐ.ആർ നടപടികൾക്കും ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ വിവാദങ്ങൾക്കും എതിരെ രാജ്യവ്യാപകമായി പ്രതിപക്ഷ നിരയിൽ പുതിയ നീക്കങ്ങൾ സജീവമാകുന്നതിനിടയിലാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും തമ്മിലുള്ള നിർണായക ഫോൺ സംഭാഷണം നടന്നത്.

തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന ആവശ്യവുമായി എം.എ. ബേബി വിവിധ പ്രതിപക്ഷ നേതാക്കൾക്ക് കത്തുകൾ അയച്ചിരുന്നു. ഇതിന് മമത ബാനർജി അനുകൂലമായി മറുപടി നൽകുകയും തുടർന്ന് ഇരുവരും ഫോണിൽ സംസാരിക്കുകയും ചെയ്തു. നിലവിലെ ജനാധിപത്യ വെല്ലുവിളികളെ ചെറുക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപാർട്ടികൾ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പുറമെ, ഇന്ത്യാ (INDIA) മുന്നണിയുടെ യോഗം ഡൽഹിയിൽ വിളിച്ചു ചേർക്കാനും മമത ബാനർജി കോൺഗ്രസ് നേതൃത്വവുമായും എം.എ. ബേബിയുമായും കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ മൂന്ന് പതിറ്റാണ്ടിലേറെക്കാലം നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് 2011ൽ അധികാരത്തിൽ വന്ന ശക്തയായ നേതാവാണ് മമത ബാനർജി.

Tags:    
News Summary - Suvendu Adhikari Blames Mamata Government for 2.7 Million Voter Deletions in Bengal SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.