മമത ബാനർജി

ബിർഭും അക്രമണത്തിൽ ബി.ജെ.പിയുടെ അന്വേഷണ റിപ്പോർട്ടിനെതിരെ മമത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ഒൻപത് പേരെ ചുട്ടുകൊന്ന സംഭവത്തിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം നടത്തിയ അന്വേഷണത്തിനെ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷമായി വിമർശിച്ചു. ബി.ജെ.പി അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അധികാര ദുരുപയോഗം നടത്തുകയാണെന്ന് മമത ആരോപിച്ചു.

അന്വേഷണം സ്വതന്ത്രവും നീതിയുക്തവുമായി നടക്കണമെങ്കിൽ മറ്റ് ഇടപെടലുകളൊന്നും ഉണ്ടാകരുതെന്ന് മമത പറഞ്ഞു. ബി.ജെ.പി സമർപ്പിച്ച റിപ്പോർട്ടിൽ തൃണമൂലിന്‍റെ ജില്ലാ പ്രസിഡന്‍റിനെതിരേയും ആരോപണം ഉയർന്നിട്ടുണ്ട്. അദ്ദേഹത്തെ കേസിൽ പ്രതിചേർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത പറഞ്ഞു. യാതൊരുവിധ അന്വേഷണവും നടത്താതെ എങ്ങനെയാണ് ഒരാളുടെ പേര് ഇത്തരത്തിൽ വലിച്ചിഴക്കാൻ സാധിക്കുന്നത്. ബി.ജെ.പിയെ എതിർക്കുന്ന എല്ലാവരെയും കേസിലുൾപ്പെടുത്തി അകത്താക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മമത ആരോപിച്ചു.

ബിർഭും അക്രമത്തിൽ ബി.ജെ.പി നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതി പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദക്ക് ബുധനാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സുകാന്ത മജുംദാർ, രാജ്യസഭാ എം.പിയും മുൻ ഉത്തർപ്രദേശ് ഡി.ജി.പിയുമായ ബ്രജ്‌ലാൽ, ലോക്‌സഭാ എം.പിയും മുൻ മുംബൈ പൊലീസ് കമ്മീഷണറുമായ സത്യപാൽ സിങ്, മുൻ ഐ.പി.എസ് ഓഫീസറായിരുന്ന കെ.സി രാമമൂർത്തി എന്നിവരടങ്ങുന്ന അഞ്ചംഗ അന്വേഷണ സമിതിക്കാണ് നദ്ദ രൂപം നൽകിയത്.

കൊൽക്കത്ത ഹൈകോടതി സി.ബി.ഐക്ക് കൈമാറിയ കേസിൽ 21 പേരെയാണ് സി.ബി.ഐ ഇതുവരെ പ്രതിചേർത്തിരിക്കുന്നത്.

കേസിൽ 11 പേരെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞാഴ്ച പശ്ചിമ ബംഗാൾ പൊലീസ് മേധാവി മനോജ് മാളവ്യ അറിയിച്ചിരുന്നു.

Tags:    
News Summary - Mamata Banerjee calls BJP's fact-finding report on Birbhum violence interference, misuse of power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.