ബംഗളൂരു: മംഗളൂരുവിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന മുൻ നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കൊല്ലപ്പെട്ട രണ്ടു പേരുടെയും കുടുംബാംഗങ്ങൾക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപ പിൻവലിച്ചു. എന്നാൽ, ഇരകളുടെ കുടുംബാംഗങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത പ്രഖ്യാപിച്ചു.
യെദിയൂരപ്പയുടെ പരാമർശം ചൂണ്ടിക്കാട്ടി ബി.ജെ.പി സർക്കാർ വാക്കുപാലിക്കാറില്ലെന്നും അവർ കൊൽക്കത്തയിലെ റാലിയിൽ ആഞ്ഞടിച്ചു.
നഷ്ടപരിഹാരം പ്രഖ്യാപിച്ചുള്ള തീരുമാനത്തിനെതിരെ പാർട്ടി നേതാക്കളിൽനിന്ന് എതിർപ്പുയർന്നതിനെതുടർന്നാണ് യെദിയൂരപ്പ നിലപാട് മാറ്റിയതെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രതിഷേധങ്ങളുടെ ഭാഗമായുള്ള അക്രമസംഭവങ്ങളിൽ പങ്കില്ലെന്നു തെളിഞ്ഞാൽ മാത്രമേ തുക നൽകൂവെന്നാണ് യെദിയൂരപ്പയുടെ പുതിയ നിലപാട്. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട നൗഷീൻ, ജലീൽ എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് യെദിയൂരപ്പ 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.