ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടക്കുന്നുെണ്ടന്ന കണ്ടെത്തലുമായി സി.ബി.ഐ. പരീക്ഷക്ക് ആൾമാറാട്ടം നടത്തുന്നതിനായി വിദ്യാർഥികളിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ.കെ എഡ്യുക്കേഷൻ കരിയർ ഗൈഡൻസ് സെന്‍ററും ഡയറക്ടർ പരിമൾ കോത്പാലിവാറും കേസിൽ പ്രതിയാണെന്നാണ് സൂചന.
സർക്കാർ മെഡിക്കൽ കോളജുകളിൽ അഡ്മിഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ വിദ്യാർഥികളിൽ നിന്ന് കോഴ വാങ്ങിയത്. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്തി അഡ്മിഷൻ വാങ്ങി നൽകാമെന്നായിരുന്നു കരിയർ ഗൈഡൻസ് ഡയറക്ടർ പരിമളിന്‍റെ വാഗ്ദാനം. വിദ്യാർഥികളിൽ നിന്ന് 50 ലക്ഷത്തിന്‍റെ ചെക്കും എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിയിരുന്നു.
പിന്നീട് വിദ്യാർഥികളുടെ നീറ്റ് പരീക്ഷയുടെ യൂസർ നെയിമും പാസ്വേർഡും ശേഖരിച്ച് ഇതിൽ കൃത്രിമം നടത്തി. തുടർന്ന് തട്ടിപ്പ് നടത്താൻ കഴിയുന്ന പരീക്ഷ സെന്‍റർ ഇവർക്ക് തരപ്പെടുത്തി കൊടുത്തു. ആൾമാറാട്ടം നടത്തുന്നതിന് സൗകര്യപ്രദമായ രീതിയിൽ വിദ്യാർഥികളുടെ ഫോട്ടോയിൽ ഉൾപ്പടെ മാറ്റം വരുത്തി. പിന്നീട് പരീക്ഷഹാളിൽ വിദ്യാർഥികൾക്കായി മറ്റൊരാളാണ് പരീക്ഷക്കെത്തുക. ഇത്തരത്തിൽ എത്തുന്നയാൾക്ക് വ്യാജ ആധാർ കാർഡും നൽകും.
അഞ്ച് വിദ്യാർഥികൾക്കായി ആർ.കെ എഡ്യുക്കേഷൻ ഇത്തരത്തിൽ ആൾമാറാട്ടം നടത്താൻ ആളുകളെ തയാറാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയതോടെ തട്ടിപ്പിൽ നിന്നും പിന്മാറിയെന്നുമാണ് സി.ബി.ഐ വ്യക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയ സി.ബി.ഐ അറസ്റ്റുകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.