നിലവാരമില്ലാത്ത ചോദ്യങ്ങൾ; എത്തിക്സ് കമ്മിറ്റി യോഗം ബഹിഷ്‍കരിച്ച് മഹുവയും പ്രതിപക്ഷ എം.പിമാരും

ന്യൂഡൽഹി: ലോക്സഭ എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി മഹുവ മൊയ്ത്രയും പ്രതിപക്ഷ എം.പിമാരും. ​പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര കോഴ വാങ്ങി എന്ന ആരോപണത്തിലായിരുന്നു എത്തിക്സ് കമ്മിറ്റിയുടെ ചോദ്യം ചെയ്യൽ. എത്തിക്സ് കമ്മിറ്റി തീർത്തും സ്വകാര്യവും ധാർമികതക്ക് നിരക്കാത്തതുമായ ചോദ്യങ്ങളാണ് മഹുവയോട് ചോദിച്ചതെന്ന് പ്രതിപക്ഷ എം.പിമാർ ആരോപിച്ചു. തുടർന്ന് നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് മഹുവക്കൊപ്പം പ്രതിപക്ഷ എം.പിമാരും യോഗം ബഹിഷ്‍കരിക്കുകയായിരുന്നു.

​''എന്തു തരം യോഗമാണിത്. അവർ ചോദിച്ചത് വൃത്തികെട്ട ചോദ്യങ്ങളാണ്. ഭരണപക്ഷ എം.പിമാരിലൊരാൾ യോഗത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുകയും ചെയ്തു. എന്തുതരം ചോദ്യങ്ങളാണവ. നിങ്ങൾ കേട്ടാൽ കണ്ണിൽ നിന്ന് കണ്ണീര് വരും. എന്റെ കവിളിൽ കണ്ണീര് കാണുന്നുണ്ടോ?-മഹുവ പരിഹസിച്ചു. കമ്മിറ്റി അംഗങ്ങൾ പക്ഷപാതപരമായി പെരുമാറിയെന്നും മഹുവ ആരോപിച്ചു. ഇത് കുറച്ച് അധികമായി പോയി എന്നായിരുന്നു മറ്റൊരു പ്രതിപക്ഷ എം.പിയുടെ പ്രതികരണം.

പാർലമെന്റ് ലോഗിൻ വിവരങ്ങൾ കൈമാറിയതു വഴി താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് മഹുവ ആവർത്തിച്ചു. രാവിലെ 11 മണിയോടെയാണ് മഹുവ പാർലമെന്റിലെത്തിയത്. പാർലമെന്റിലെ ഒരു എം.പി പോലും സ്വന്തമായി ചോദ്യങ്ങൾ തയാറാക്കാറില്ലെന്ന് പ്രതിപക്ഷ എം.പിമാർ പറഞ്ഞു.

ചോദ്യം ചോദിച്ചതിന് മഹുവ കോടികൾ കൈപ്പറ്റിയെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാൽ ആ പണമെവിടെ എന്നായിരുന്നു പ്രതിപക്ഷ എം.പിമാരുടെ ചോദ്യം. അതുപോലെ ലോഗിൻ വിവരങ്ങൾ കൈമാറിയാലും ബന്ധപ്പെട്ട എം.പിയുടെ ഫോണിലേക്ക് ഇതുമായി ബന്ധപ്പെട്ട ഒ.ടി.പി വരുമെന്നും അതിനാൽ അനുമതിയില്ലാതെ ഒരു ചോദ്യം പോലും പോസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നും എം.പിമാർ വ്യക്തമാക്കി.

സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്റായിയുമായുള്ള സൗഹൃദത്തിന്റെ തെളിവുകളും മഹുവ എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരാക്കി. തനിക്കെതിരെ വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ജയ് ആനന്ദ് സി.ബി.ഐക്ക് കേസ് നൽകിയതെന്നും അവർ ആരോപിച്ചു.

വിവാദത്തില്‍ മന്ത്രാലയങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് മഹുവ കമ്മിറ്റിയോടാവശ്യപ്പെട്ടു. അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് കോഴ വാങ്ങി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണക്കിൽ പെടുത്താതെ 75 ലക്ഷം രൂപ കൈപ്പറ്റി, ലാപ്ടോപ്പുകള്‍, ഡയമണ്ട് നെക്ലേസുകളടക്കം വിലകൂടിയ ഉപഹാരങ്ങൾ കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങള്‍ മഹുവ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ നിഷേധിച്ചു. ദുഷിച്ച വ്യക്തിബന്ധമാണ് പരാതിയിലേക്ക് നയിച്ചതെന്ന് നേരത്തേ മഹുവ ആരോപിച്ചിരുന്നു.

പണം കൈപ്പറ്റിയതിന് പരാതിക്കാര്‍ നല്‍കിയ തെളിവ് എന്തെന്ന് മഹുവ ചോദിച്ചു. വിവിധ മന്ത്രാലയങ്ങള്‍ തനിക്കെതിരെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, പരാതിക്കാരനായ ആനന്ദ് ദെഹദ്റായിയെയും ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദര്‍ശന്‍ നന്ദാനിയെയും വിസ്തരിക്കാന്‍ അനുവദിക്കണമെന്ന മഹുവയുടെ ആവശ്യം സമിതി പരിഗണിച്ചില്ല. പരാതിക്കാരിയുടെ മൊഴിയും, മന്ത്രാലയങ്ങളുടെ റിപ്പോര്‍ട്ടും, ഹിരാനന്ദാനി ഗ്രൂപ്പിന്‍റെ സത്യവാങ്മൂലവും മഹുവയുടെ വിശദീകരണവുമായി സമിതി ഒത്ത് നോക്കും. ഒരു മാസത്തിനുള്ളില്‍ എത്തിക്സ് കമ്മിറ്റി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പദവി ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞാല്‍ മഹുവയെ അയോഗ്യയാക്കാനോ സസ്പെന്‍ഡ് ചെയ്യാനോ ഉള്ള ശുപാര്‍ശ സമിതിക്ക് നല്‍കാം. ശൈത്യകാല സമ്മേളനത്തിന് മുന്‍പ് തീരുമാനമുണ്ടാകും.

ബി.ജെ.പി എം.പി വിനോദ് സോങ്കർ ആണ് കമ്മിറ്റിയെ നയിച്ചത്. എം.പിമാരായ ​വി. വൈതിലിംഗം, ഡാനിഷ് അലി, സുനിത ദുഗ്ഗൽ, അപരാജിത സാരംഗി, പരിനീത് കൗർ, സ്വാമി സുമധാനന്ദ്,രാജ്ദീപ് റോയ് എന്നിവരും കമ്മിറ്റിയിലുണ്ടായിരുന്നു.

Tags:    
News Summary - Mahua Moitra Walks Out Of Meet, Panel Chief Responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.